സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറങ്ങി. അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസിനും നിർദ്ദേശമുണ്ട്.
മാസത്തിൽ 208 മണിക്കൂറിലധികം ജോലിയെടുത്താൽ ഓവർടൈം അലവൻസ് അനുവദിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലെത്താൻ ഗതാഗത സൗകര്യമില്ലെങ്കിൽ, ജീവനക്കാർക്ക് ആശുപത്രിയിൽ തന്നെ വിശ്രമ മുറി ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആരോഗ്യമേഖലയിൽ ആശുപത്രി ജീവനക്കാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും. അത്യാവശ്യ ഘട്ടങ്ങളിൽ ഷിഫ്റ്റ് സമയത്തിൽ മാറ്റം വരുത്താമെന്നും ധാരണയുണ്ട്.