തിക്കോടി കല്ലത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതി മാറി ഒഴുകുന്നു. ഇത് മൂലം പ്രവേശന കവാടത്തിൽ നിന്ന് കടൽത്തീരത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. കിഴക്കുഭാഗത്തുള്ള ആവിയിൽ നിന്നും ശക്തമായ മഴയിൽ കടലിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഗതിമാറി തെക്ക് ഭാഗത്തേക്ക് ഒഴുകിയതാണ് തീരം ഇടയാൻ കാരണം. ഇത് മൂലം തീരം അപകടാവസ്ഥയിയാണ്. മുമ്പ് ശക്തമായ മഴയിൽ ആവിയിൽ നിന്നും വരുന്ന വെള്ളം നേരെ മുറിച്ച് കടലിലേക്ക് ഒഴുക്കുകയായിരുന്നു അധികൃതർ. ഇപ്പോൾ അവിടെയെല്ലാം മണ്ണ് കുമിഞ്ഞ് കൂടി വെള്ളം ഒഴുകാത്ത അവസ്ഥയായി. ഇതോടെ ഗതി മാറി ഒഴുകി തീരം മുഴുവൻ കടലെടുത്തു.
കേരളത്തിലെ രണ്ടാമത്തെ ഡ്രൈവ് ഇൻ ബീച്ചാണ് തിക്കോടി കല്ലകത്ത്. ഇതോടെ വാഹനങ്ങൾക്ക് തീരത്തേക്ക് ഇറങ്ങാനോ കാൽനടിയായി സഞ്ചരിക്കാനോ കഴിയുന്നില്ല. ഇതോടെ നിരന്തരമായി ഓടിയിരുന്ന കാറും ബൈക്കും ഒന്നും കടൽത്തീരത്തേയ്ക്ക് ഇറക്കാൻ പറ്റാത്ത അവസ്ഥയായി. മുന്നൂറിലധികം മീറ്റർ നീളത്തിൽ മണൽ ഒഴുകി പോയിട്ടുണ്ട്. സന്ദർശകർ പോകാതിരിക്കാൻ സൂചനകൾ ഒന്നുമില്ല. മാത്രമല്ല കുട്ടികളടക്കം പലരും ആവിയിൽ നിന്നും ഒഴുകിയെത്തുന്ന അഴുക്ക് വെള്ളത്തിലാണ് കളിക്കുന്നത്. ഇത് പല രോഗങ്ങൾക്കും കാരണമാകും. തീരദേശ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .