ഇടത് സ്വതന്ത്ര എംഎൽഎയെ പുകഴ്ത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് നീക്കം ചെയ്തു. കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിനെയാണ് കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് സി.കെ.ജലീൽ പുകഴ്ത്തിയത്. വ്യാഴാഴ്ച ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ മുട്ടയം വാർഡിലെ മനയേടത്തുകുഴി – കുന്നത്ത്കുഴി റോഡിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയുന്നതിനിടെയാണ് ഉദ്ഘാടകനും സ്വന്തം നാട്ടുകാരനുമായ പി.ടി.എ.റഹീമിനെ ജലീൽ പുകഴ്ത്തിപ്പറഞ്ഞത്. മൂന്ന് തവണ കുന്ദമംഗലത്ത് എംഎൽഎയായ പി.ടി.എ.റഹീം ഇനിയും ജയിച്ച് എംഎൽഎ ആവട്ടെയെന്നും എംഎൽഎ ആയാൽ മന്ത്രിയാകാൻ യോഗ്യതയുള്ള ആളാണെന്നും അടുത്ത തവണ കൊടുവള്ളിയിൽ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് ജലീൽ പറഞ്ഞത്.
മാത്രമല്ല ഏത് സമയത്ത് വിളിച്ചാലും, അത് നട്ടപ്പാതിരക്കായാൽ പോലും ഫോൺ എടുക്കുന്ന ആളാണ് പി.ടി.എ.റഹീം എന്നും ജലീൽ പ്രസംഗത്തിൽ പറഞ്ഞു.
ജലീലിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസിൽ നിന്നും മുസ്‌ലിം ലീഗിൽ നിന്നും ജലീലിനെതിരെ എതിർപ്പ് ഉയർന്നു. കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റിയും മുസ്‌ലിം ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന് പരാതി നൽകി. ഇതോടെ ജലീലിനെ കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡിസിസി പ്രസിഡന്റ് നീക്കം ചെയ്യുകയായിരുന്നു. വ്യക്തിപരമായ ചില പ്രയാസങ്ങൾ ഉള്ളതിനാൽ കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നതിനാൽ തന്റെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിന് കത്തു നൽകുകയായിരുന്നെന്നാണ് ജലീൽ പറയുന്നത്.
ചാത്തമംഗലം പഞ്ചായത്തിലെ മുട്ടയം വാർഡിൽ ജലീലിന് ഭൂമിയുണ്ട്. മനയേടത്തുകുഴി – കുന്നത്ത്കുഴി റോഡ് നിർമാണത്തിന് വേണ്ടി ജലീൽ ഭൂമി നൽകിയിരുന്നു. ഈ റോഡിന് പി.ടി.എ.റഹീം എംഎൽഎ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലേക്ക് നാട്ടുകാർ ജലീലിനെ ക്ഷണിക്കുകയായിരുന്നു.
കൊടുവളളി കെഎംഒ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ച കെഎസ് യു എംഎസ്എഫിനെതിരെ കൊടുവള്ളി ടൗണിൽ ‘എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായി പ്രകടനം നടത്തിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും യുഡിഎഫ് നിയോജക മണ്ഡലം കൺവീനറുമായ കെ.കെ.എ.കാദർ ഫേസ് ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനെതിരെ സി.കെ.ജലീൽ രംഗത്തുവന്നിരുന്നു.രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടത്തിയ അവഹേളന പ്രസ്താവന പ്രതിഷേധാർഹമാണെന്നും കാദറിനെ പാർട്ടിയുടെയും യുഡിഎഫിന്റെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്നും മണ്ഡലത്തിലെ ഒരു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ് നേരിട്ട തോൽവിയെ മറച്ചു പിടിക്കാൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളെ അഭയാർഥികൾ എന്ന് വിശേഷിപ്പിച്ചവർ ബനാത്ത് വാലയും, ഇബ്രാഹിം സുലൈമാൻ സേട്ടുവും ദേശാടനക്കിളികളായി കേരളത്തിൽ വന്നത് ഓർമവേണമെന്നും ജലീൽ പ്രസ്താവനയിറക്കിയിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കരീറ്റിപ്പറമ്പ് വെസ്റ്റ് ഡിവിഷനിലും അതിന് മുൻപ് പ്രാവിൽ ഡിവിഷനിലും സ്ഥാനാർഥിയായി ജലീൽ കൊടുവള്ളി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. രണ്ട് തവണയും വിജയിക്കാനായില്ല. രണ്ട് തവണയും യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള ഡിവിഷനുകളിൽ മുസ്‌ലിം ലീഗാണ് തന്നെ പരാജയപ്പെടുത്തിയതെന്നാണ് ജലീൽ ആരോപിച്ചിരുന്നത്.
കെഎസ് യു വിലൂടെയാണ് ജലീൽ രാഷ്ടീയ രംഗത്ത് എത്തിയത്. കെഎസ് യു വിന്റെ കൊടുവള്ളി ഹൈസ്കൂൾ യൂണിറ്റ് പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം പ്രസിഡന്റ്, ജില്ലാ ട്രഷറർ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കോഴിക്കോട് പാർലമെന്റ് മണ്ഡലം സെക്രട്ടറി, രണ്ട് തവണ നിയോജക മണ്ഡലം പ്രസിഡന്റ്, കൊടുവള്ളി നിയോജക മണ്ഡലം ജവഹർ ബാലവേദി പ്രസിഡന്റ്, ഐഎൻടിയുസി കൊടുവള്ളി നിയോജക മണ്ഡലം റീജിയണൽ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ജലീൽ നിലവിൽ മോട്ടോർ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) ജില്ലാ വൈസ് പ്രസിഡന്റാണ്.