സംസ്ഥാന സ്കൂൾ കായിക മേളയിൽ വിജയികളാകുന്നവർക്ക് സമ്മാനിക്കുന്നതിനായുള്ള സിഎം എവർറോളിങ് ട്രോഫിയുടെ പ്രയാണം കാസർകോട് നിന്ന് ആരംഭിച്ചു. കേരള ഭൂപട മാതൃകയിൽ സ്വർണം ഉപയോഗിച്ച് രൂപകൽപന ചെയ്ത ഈ കപ്പ് വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്കുശേഷം ഒക്ടോബർ 20-ന് മത്സരവേദിയായ തിരുവനന്തപുരത്ത് എത്തിക്കും. നീലേശ്വരം ഇ കെ നായനാർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ ട്രോഫി പര്യടനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികതാരങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു. കലോത്സവ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് ഇത് ആദ്യമായി കായിക മേളയിലെ വിജയികൾക്ക് സമ്മാനമായി നൽകുന്നത്. ഏറ്റവും കൂടുതൽ പോയിൻ്റ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117.5 പവനുള്ള കപ്പാണ് ലഭിക്കുക.