കണ്ണൂർ എ.ഡി.എം നവീൻബാബു വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. കേരള ജനതയുടെ ഹൃദയത്തിൽ തീരാനോവായി തുടരുന്ന മുൻ കണ്ണൂർ എ ഡി എം നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. സന്തോഷത്തോടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പോകേണ്ടിയിരുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എത്തി കരിനിഴൽ വീഴ്ത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എത്തി നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഉറപ്പിച്ച് പറയുന്നത്. 2024 ഒക്ടോബര്‍ 14 ന് വൈകുന്നേരം നടന്ന ചടങ്ങിലാണ് സംഭവം. ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണ് അദ്ദേഹത്തിൻ്റെ ജീവനെടുത്തത് എന്ന് കുടുംബം പറയുന്നു. അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി പി ദിവ്യക്കെതിരെ പാർട്ടിക്ക് നടപടി എടുക്കേണ്ടതായി വന്നു.
കഴിഞ്ഞവർഷം ഈ ദിനം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ധാരാളം ആളുകൾ കൂടെ നിന്നു. ക്രിസ്തീയ സഭകൾ ഒപ്പമുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ മറച്ചു വെച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞാണ് കോടതിയെ നിലവിൽ സമീപിച്ചിട്ടുള്ളത്. പി പി ദിവ്യയുടെ യഥാർത്ഥ ഫോൺ നമ്പറിലെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചില്ല. നവീൻ ബാബു കളക്ടറെ വിളിച്ച ഫോൺ കോളിന്റെ വിശദാംശവും ശേഖരിച്ചിട്ടില്ല.