20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ ലഭിച്ചു. കക്കയം പവർഹൗസിൽ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ കെഎസ്ഇബിക്ക് ഭൂമി കൈമാറി 20 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത കുടുംബങ്ങളുടെ നികുതിയാണ് ചൊവ്വാഴ്ച സ്വീകരിച്ചത്. അഞ്ച് കുടുംബങ്ങളിൽ രണ്ട് പേരുടെ നികുതി മുമ്പ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ബാക്കിയുള്ള മൂന്ന് കുടുംബങ്ങളുടെ നികുതിയാണ് സ്വീകരിച്ചത്. കൈവശവകാശ സർട്ടിഫിക്കറ്റും ചടങ്ങിൽ കൈമാറി.
വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ കെ.എം.സച്ചിൻ ദേവ് എം.എൽ.എ നികുതി ശീട്ട് കൈമാറി. കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, വില്ലേജ് ഓഫീസർ പി.വി.സുധി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സിമിലി ബിജു, ഡാർളി പുല്ലംകുന്നേൽ എന്നിവർ പങ്കെടുത്തു.
കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡിൽ കോണിപ്പാറ മേഖലയിലെ അഞ്ച് കുടുംബങ്ങളുടെ 1.65 ഹെക്ടർ ഭൂമിയാണ് 2005ൽ 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിക്ക് പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്ത് 20 വർഷമായിട്ടും നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കാത്തതിൽ കുടുംബങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയിരുന്നു. ലീല കൂവപൊയ്കയിൽ, പ്രജീഷ് പൂവത്തുങ്കൽ, മാത്യു കുറുമുട്ടം, ത്രേസ്യാമ്മ പൂവത്തുങ്കൽ, ജോസ് കുറുമുട്ടം എന്നിവരുടെ ഭൂമിയാണ് ഏറ്റെടുത്തിരുന്നത്.
ഭൂമി കെഎസ്ഇബിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ വനംവകുപ്പ് ഈ ഭൂമിയിൽ അവകാശ വാദം ഉന്നയിച്ചതോടെ തർക്കമാവുകയായിരുന്നു. 2005 വരെ ഭൂവുടമകൾ നികുതി അടച്ച് വന്നതും ആധാരം ഉൾപ്പടെയുള്ള റവന്യു രേഖകൾ ഉള്ളതുമായ ഭൂമിയിലാണ് വനം വകുപ്പ് അവകാശം വാദം ഉന്നയിച്ചത്. തുടർന്ന് അന്ന് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന കെ. കുഞ്ഞമദിന്റെ അധ്യക്ഷതയിൽ 2006 ജൂലൈ പതിനൊന്നിന് ഭൂവുടമകളുടെയും, വനം – കെഎസ്ഇബി വകുപ്പ് അധികൃതരുടെയും യോഗം വിളിച്ച് ചേർക്കുകയും അഞ്ച് ഭൂവുടമകൾക്കുമായി സ്ഥലത്തിന്റെ വില നൽകാതെ മേൽ ആദായങ്ങൾക്ക് തുക നൽകുകയുമായിരുന്നു. അവകാശ തർക്കം പരിഹരിക്കുമ്പോൾ ഭൂമിയുടെ വില നൽകാമെന്ന് കെഎസ്ഇബി ഭൂവുടമകളെ അറിയിക്കുകയും ചെയ്തു.
എന്നാൽ പൈപ്പ്ലൈൻ സ്ഥാപിച്ച ഭൂമിയുടെ വിലയായി 19.50 ലക്ഷം രൂപ കെഎസ്ഇബി വനംവകുപ്പിനാണ് കൈമാറിയത്. ഭൂമിയുടെ പാട്ടത്തുകയായി ഓരോ വർഷവും നിശ്ചിത തുക വാടകയും നൽകി പോന്നു. തുടർന്ന് ഭൂവുടമകൾ നിരന്തരം നടത്തിയ നിയമപോരാട്ടങ്ങളെ തുടർന്ന് 2018ൽ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനംവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. തർക്ക ഭൂമി തങ്ങളുടേതല്ലെന്ന് വനം വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിൽ ഭൂമിയുടെ വിലയായി നൽകിയ 19.50 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി നോട്ടീസ് നൽകിയിരുന്നുവെങ്കിലും വനംവകുപ്പ് പ്രതികരിച്ചിരുന്നില്ല.
നഷ്ടപരിഹാരതുക ലഭിക്കാൻ ഇനിയും കാത്തിരിക്കണം
നികുതിശീട്ടും, കൈവശവകാശ സർട്ടിഫിക്കറ്റും ഉൾപ്പടെയുള്ള ഭൂമിയുടെ രേഖകൾ ബുധനാഴ്ച രാവിലെ ഡിവിഷൻ ഓഫീസിൽ എൽപ്പിക്കാനാണ് കുടുംബങ്ങൾക്ക് കെഎസ്ഇബിയിൽ നിന്ന് ലഭിച്ച നിർദേശം. അഞ്ച് കുടുംബങ്ങളിൽ ഭൂവുടമസ്ഥരായ മാത്യു കുറുമുട്ടം, ജോസ് കുറുമുട്ടം എന്നിവർ മരണപ്പെട്ടതിനാൽ കുടുംബാങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ഉൾപ്പടെ റെഡിയാക്കേണ്ടതുണ്ട്. തുടർന്ന് കെഎസ്ഇബിയുടെ നിർദേശമനുസരിച്ചുള്ള നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതോടെ ഭൂമിയുടെ ഒറിജിനൽ ആധാരം കെഎസ്ഇബിക്ക് കൈമാറുമെന്ന് ഭൂവുടമസ്ഥർ അറിയിച്ചു.