നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. നാലാം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. 2019 ഓഗസ്റ്റ് 31 ന് നടന്ന കൊലപതാക കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് എന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ഒക്ടോബര്‍ 16 വ്യാഴാഴ്ചയാവും കേസില്‍ ശിക്ഷാവിധി പ്രസ്താവിക്കുക.
സജിത വീട്ടില്‍ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കള്‍ സ്‌കൂളിലും ലോറി ഡ്രൈവറായ ഭര്‍ത്താവ് സുധാകരന്‍ തമിഴ്‌നാട്ടിലുമായിരുന്നു. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയല്‍വാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തില്‍ തുടരെ തുടരെ വെട്ടി വീഴ്ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.