പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങിയത്. ജില്ലാപഞ്ചായത്തും മണിയൂര്‍ ഗ്രാമപ്പഞ്ചായത്തും തൊഴില്‍രഹിതരായ യുവാക്കളെ ഉള്‍പ്പെടുത്തി രൂപംനല്‍കിയ മഞ്ചയില്‍ക്കടവ് അക്വാ ടൂറിസം പദ്ധതി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും.
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് മനോഹരമായ മഞ്ചയില്‍ക്കടവ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ പാര്‍ക്ക്, ഇളനീര്‍ പാര്‍ലര്‍, വിശ്രമകേന്ദ്രം, 80 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, റസ്റ്റോറന്റ്, മീന്‍ മ്യൂസിയം, പെഡല്‍ ബോട്ട്, സെല്‍ഫി സ്‌പോട്ടുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്. വിവാഹ നിശ്ചയം, സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്, ജന്മദിനാഘോഷം, കൂടിച്ചേരലുകള്‍ കുടുംബസംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടത്താനുള്ള സൗകര്യവും രുചിയൂറും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വടകര പുതുപ്പണം പാലയാട്ട് നടയില്‍ നിന്നും തീരദേശ റോഡ് വഴിയും മണിയൂര്‍ പതിയാരക്കര വഴിയും മഞ്ചയില്‍ക്കടവിലേക്ക് എത്താം. പ്രവേശന ഫീസ് 30 രൂപയാണ്.
കുറ്റ്യാടി പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന മണിയൂര്‍ പ്രദേശത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി ചെരണ്ടത്തൂര്‍ ചിറയില്‍ ഫാം ടൂറിസം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ചെരണ്ടത്തൂര്‍ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കിയും നടുതോട്ടിലൂടെ യാത്രക്കായി പെഡല്‍ ബോട്ടുകള്‍ ഒരുക്കിയും അലങ്കാരവിളക്കുകള്‍, സെല്‍ഫി പോയിന്റ്, ഏറുമാടം, വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ഹട്ടുകള്‍ എന്നിവ സ്ഥാപിച്ചുമാണ് ഫാം ടൂറിസം നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം, എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 25 ലക്ഷം രൂപയുമുള്‍പ്പെടെ ഒരു കോടി രൂപയുടെ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി ചെരണ്ടത്തൂര്‍ ചിറയില്‍ പുരോഗമിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.
മണിയൂരിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് തിളക്കം കൂട്ടുന്ന മഞ്ചയില്‍ക്കടവ് പദ്ധതിയ്‌ക്കൊപ്പം ചെരണ്ടത്തൂര്‍ ചിറ ടൂറിസം പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജില്ലയിലെ ഒഴിച്ചുകൂടാനാകാത്ത വിനോദസഞ്ചാര കേന്ദ്രമായി മണിയൂര്‍ മാറും. നവോദയ വിദ്യാലയവും എഞ്ചിനിയറിംഗ് കോളേജുമുള്‍പ്പെടെ സ്ഥിതി ചെയ്യുന്ന മണിയൂരില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തിച്ചേരുന്നതിനാല്‍ ഉത്തരവാദിത്വ ടൂറിസത്തിന് ഉള്‍പ്പടെ അനന്ത സാധ്യതകളാണുള്ളത്.