സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു. പാലക്കാട് ജില്ലയിൽ നേരത്തെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്. നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, ഓസ് ഉപയോഗിച്ച് മൂക്കിൽ വെള്ളം ചീറ്റിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.