വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല്‍ പാലങ്ങളുടെ നിർമാണം അന്ത്യഘട്ടത്തിലാണ്. മാഹി ജലപാത 17.6 1 കിലോമീറ്റർ ദൂരത്തിലാണ് പൂർത്തീകരിക്കേണ്ടത്. കനാലിന് കുറുകെ 14 സ്റ്റീൽ ഫൂട്ട് ബ്രിഡ്ജ് നിർമാണം പൂർത്തിയായിട്ടുണ്ട്.
ദേശീയ ജലപാത മാനദണ്ഡമനുസരിച്ച് ജലപാത ഉയർത്തുന്നതിനായി കോട്ടപ്പള്ളിയിൽ ആർച്ച് ബ്രിഡ്ജ് നിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചു.പ്രദേശവാസികളുടെ ആവശ്യപ്രകാരം കോട്ടപ്പള്ളി പാല നിർമാണത്തിനോട് അനുബന്ധിച്ച് മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്നതിനുള്ള കൽപ്പടവുകളും നിർമിക്കും. തയ്യിൽ പാലം, കളിയാംവെള്ളി എന്നിവിടങ്ങളിൽ ആർച്ച് ബ്രിഡ്ജ് നിർമിക്കുന്ന പ്രവർത്തികളുടെ ടെൻഡർ നടപടി പൂർത്തിയാകി.കനാലിന്റെ മൂന്നാം റീച്ചിൽ ഉയർന്ന കട്ടിങ് ആവശ്യമുള്ള ചേരിപ്പൊയിൽ ഒഴികെയുള്ള ഭാഗങ്ങൾ 2026 മാർച്ചോടെ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു
തില്ലേരി താഴെ ഫൂട്ട് ബ്രിഡ്ജ്, കൗണന്തൻ നട ഫൂട്ട് ബ്രിഡ്ജ്, കണ്ണൻകുട്ടി ഫൂട്ട് ബ്രിഡ്ജ്, കോട്ടപ്പള്ളി പാലത്തിന് സമീപം കൾവേർട്ട്, മൂഴിക്കൽ കടവ്, ചേരിപ്പൊയിൽ മുതൽ കല്ലേരി വരെ ബണ്ട് റോഡ്, കല്ലിൽ താഴെ ഫൂട്ട് ബ്രിഡ്ജ്, കരുവാരൽ പൂട്ട് ബ്രിഡ്ജ്, കേളോത്ത് കണ്ടി താഴെ ഫൂട്ട് ബ്രിഡ്ജ്, കായപ്പനച്ചി ബോട്ട് ജെട്ടി, വാരായി താഴെ ബോട്ട് ജെട്ടി എന്നിവയുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. 22.86 കോടിയുടെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി അവസാന ഘട്ടത്തിലാണ്