വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ. തമിഴ്നാട് തിരുപ്പത്തൂർ സ്വദേശിയായ 32 വയസ്സുള്ള പ്രശാന്ത് എന്ന യുവാവാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ ജീവിതം തിരിച്ചു പിടിച്ചത്.
കേരളത്തിൽ തീർത്ഥയാത്രയ്ക്കെതിയതായിരുന്നു കുടുംബം. കണ്ണൂരിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ കോഴിക്കോട് വെച്ചാണ് വാഹനാപകടമുണ്ടായത്. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്നിരുന്ന യുവാവ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാലിലെ എല്ലുകൾക്കും വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചു. ശ്വസിക്കാൻ ബുദ്ധിമുട്ടിയ പ്രശാന്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി വിഭാഗം ഐ സി യുവിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് സിടി സ്കാൻ പരിശോധനയിലാണ് അയോർട്ട എന്ന രക്തക്കുഴലിനു മുറിവ് പറ്റി ശ്വാസകോശത്തിലേക്കു രക്തസ്രാവം ഉണ്ടായ അവസ്ഥ കണ്ടെത്തിയത്. ഹൃദയത്തിൽ നിന്ന് തലച്ചോറടക്കം ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന മഹാധമനിയാണ് അയോർട്ട.
റേഡിയോളജി ഡിപ്പാർട്മെന്റിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലേക്ക് വിദഗ്ധ ചികിത്സക്ക് റഫർ ചെയ്യുകയും ഉടനടി ഫെനിസ്ട്രേഷൻ ഈവാർ (FEVAR- Fenestration Endovascular Aortic Repair) എന്ന ചികിത്സ നടത്തുകയുമായിരുന്നു.
കാലിലെ രക്തക്കുഴലിൽ ഉണ്ടാക്കുന്ന 6 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള പിൻ ഹോളിലൂടെ സ്റ്റെന്റ് കടത്തിവിടുന്ന ചികിത്സയാണ് ഈവാർ. ചില രോഗികളിൽ ഈ സ്റ്റെന്റിൽ സൂക്ഷ്മതയോടെ ചെറിയ ദ്വാരമിട്ടു മറ്റൊരു സ്റ്റെന്റ് കടത്തിവിടുന്ന ചികിത്സയാണ് ഫെനിസ്ട്രേഷൻ ഈവാർ.
ചികിത്സക്ക് ശേഷം ക്രിട്ടിക്കൽ അവസ്ഥയിൽ നിന്ന് മോചിതനായ യുവാവിന് കാലിലെ എല്ലുകൾക്ക് ഓർത്തോ വിഭാഗത്തിൽ നിന്ന് ട്രീറ്റ്മെന്റ് നൽകി. പൂർണ ആരോഗ്യവാനായ യുവാവ് നാട്ടിലേക്ക് മടങ്ങിയതായി പ്രിൻസിപ്പാൾ ഡോ സജീത്കുമാർ അറിയിച്ചു.
സർജറി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ ശ്രീജയൻ, റേഡിയോളജി വിഭാഗം മേധാവി ഡോ ദേവരാജൻ, ഓർത്തോ വിഭാഗം യൂണിറ്റ് മേധാവി ഡോ സിബിൻ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ രാഹുൽ എന്നിവർ നേതൃത്വം നൽകിയ ഡോക്ടർമാരുടെയും നേഴ്സ്, റേഡിയോളജി കാത്ത് ലാബ് സ്റ്റാഫ് എന്നിവരുടെയും ടീമാണ് ചികിത്സ നൽകിയത്.