കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ ക്രൂര മർദനം. ആസാം സ്വദേശിയായ മൊമിനുൾ ഇസ്ലാം എന്ന യുവാവിനെയാണ് പൊലീസും നാട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരുക്കേറ്റ മൊമിനുൾ ഇസ്ലാം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
മൊമിനുൾ ഇസ്ലാമിനെ ജോലിക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ കൂടരഞ്ഞി സ്വദേശി തന്നെ പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിച്ചതായും, വഴങ്ങാതിരുന്നതിനാൽ വ്യാജ മാലമോഷണ ആരോപണം ഉയർത്തി നാട്ടിൽ പ്രചരിപ്പിച്ചതായും തൊഴിലാളി ആരോപിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉടമ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടത്. ഉടമയുടെ ആവശ്യ പ്രകാരം വീട്ടിലെത്തിയ മൊമിനുൾ ഇസ്ലാമിനെ മസാജ് ചെയ്യാൻ നിർബന്ധിക്കുകയും ശേഷം പ്രകൃതിവിരുദ്ധ ബന്ധത്തിന് ശ്രമിച്ചതായും പറയുന്നു. ഇതിനെ എതിർത്ത് ഉടമയുടെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ തന്നെ, മാല മോഷ്ടിച്ചതായി ചിത്രീകരിക്കാൻ സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
തുടർന്ന് പൊലീസും നാട്ടുകാരും മൊമിനുൾ താമസിക്കുന്ന സ്ഥലത്തെത്തി അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കാണാതായെന്ന് ആരോപിക്കപ്പെട്ട മാല വീട്ടുടമയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു.
പരുക്കേറ്റ മൊമിനുൾ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ ഉൾപ്പെട്ട പൊലീസുകാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവമ്പാടി പൊലീസിൽ മൊമിനുൾ ഇസ്ലാം പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിലെത്തിയ പൊലീസ് മൊമിനുളിന്റെ മൊഴി രേഖപ്പെടുത്തി. സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.