നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ എ എൻ ഷംസീർ സസ്‌പെൻഡ് ചെയ്തു. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, എം വിൻസെന്റ്, റോജി എം ജോൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ച് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരും പ്രതിരോധിച്ച വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തിൽ വാച്ച് ആൻഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമാണ് നടന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയില്‍ മര്യാദകൾ ലംഘിക്കുന്നതാണ് കണ്ടത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വനിതകൾ അടക്കമുള്ള സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. സഭയുടെ അന്തസിന് നിരക്കാത്ത പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം സസ്‌പെൻഷനിൽ അത്ഭുതമാണ് തോന്നുന്നതെന്നും സസ്‌പെൻഡ് ചെയ്യേണ്ട തരത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിൻസെന്റ് എംഎൽഎ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെയാണ് സസ്പെൻഡ് ചെയ്യേണ്ടത്. അവർ എനിക്ക് നേരെ ബലപ്രയോഗം നടത്തി. ഞങ്ങൾക്ക് മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളെതന്നെ എട്ടോ പത്തോ വാച്ച് ആൻഡ് വാർഡുമാർ ചേർന്ന് ഞെരുക്കുകയായിരുന്നു. ശ്വാസം മുട്ടുന്ന തരത്തിൽ ഞെരുക്കി, കഴുത്തിന് കുത്തിപിടിച്ചു. വട്ടം പിടിച്ചു, നെഞ്ചിൽ ബലപ്രയോഗം നടത്തിയെന്നും വിൻസെന്റ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പരിശോധിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. സ്പീക്കറുടെ നിർദേശപ്രകാരം ബാനർ പിടിച്ചുവാങ്ങി വലിച്ചുകീറി കളഞ്ഞു. ശബരിമല സ്വർണപ്പാളി കവർന്നുകൊണ്ടുപോയെന്ന ഏറ്റവും പ്രകോപനപരമായ ഒരു വിഷയമാണ്. അത്തരം വിഷയം ഉയർത്തുന്നവരെ ഈ വിധം കൈകാര്യം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. ഇല്ലാത്ത വിഷയങ്ങളല്ല ഞങ്ങൾ ചർച്ച ചെയ്യുന്നത്. മെഡിക്കൽ കോളേജിൽ ആർക്കുവേണമെങ്കിലും ചികിത്സയിൽ പോകാം. പരിക്ക് എങ്ങനെയുണ്ടായെന്ന് വീഡിയോ ദൃശ്യങ്ങൾ നോക്കി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.