ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM മുതൽ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാം. വെബ്സൈറ്റ് ലിങ്ക്: https://sabarimalaonline.org തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരാണ് ഈ വിവരം അറിയിച്ചത്.
തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് വൈകുന്നേരം 5 മണിക്ക് ശബരിമല നട തുറക്കും. തുടർന്ന് അഞ്ചു ദിവസത്തെ പ്രത്യേക പൂജകൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ഈ ദിവസങ്ങളിൽ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടാകും. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വെർച്വൽ ക്യൂ ബുക്കിങ് കർശനമായി തുടരും. ഒരു ദിവസം നിശ്ചിത എണ്ണം ഭക്തർക്ക് മാത്രമാണ് ഇപ്പോൾ ദർശനത്തിന് അനുമതി നൽകുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർക്ക്, തിരക്ക് കൂടുന്ന സാഹചര്യങ്ങളിൽ ബുക്ക് ചെയ്ത സമയത്തുതന്നെ ദർശനം ലഭിക്കണമെന്നില്ലെന്നും സുഗമമായ ദർശനത്തിനായി ഭക്തരുടെ സഹകരണം അനിവാര്യമാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. നിലവിൽ കേരള പൊലീസ് ആണ് വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ടതില്ല.