മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. യു.പി. (ക്ലാസ്സ് 6,7), ഹൈസ്‌കൂൾ (ക്ലാസ്സ് 8, 9), ഹയർസെക്കൻഡറി (ഒന്നാം വർഷം) വിഭാഗങ്ങളിലായി 1,500 രൂപ വീതം 50,000 വിദ്യാർത്ഥികൾക്കാണ് ഇക്കോസെൻസ് സ്‌കോളർഷിപ്പ് നൽകുന്നത്. ആകെ സ്‌കോളർഷിപ്പിന്റെ 40 ശതമാനം യു.പി വിഭാഗത്തിനും 30 ശതമാനം വീതം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 50 വിദ്യാർത്ഥികൾക്കും മുനിസിപ്പാലിറ്റികളിൽ 75 വിദ്യാർത്ഥികൾക്കും കോർപ്പറേഷനുകളിൽ 100 വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കും.
ഇക്കോസെൻസ് സ്‌കോളർഷിപ്പിലൂടെ വിദ്യാർത്ഥികളിൽ ശാസ്ത്രീയ പാഴ് വസ്തു പരിപാലനം, ഹരിത നൈപുണികൾ വികസിപ്പിക്കൽ, പാഴ് വസ്തു പരിപാലനവുമായി ബന്ധപ്പെട്ട് പ്രാദേശികമായി നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്ക് നൂതന പരിഹാരം കണ്ടെത്തൽ, പാഴ് വസ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവ ലക്ഷ്യമിടുന്നു. ‘പാഴ് വസ്തുപരിപാലനം ഹരിതസാങ്കേതികവിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്രഗ്ഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ ആക്ടിവിറ്റി പുസ്തകങ്ങളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ആശയങ്ങളും ഉൾക്കൊള്ളിച്ചാണ് സ്‌കോളർഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.