നാടകവേദിയിലെ അതുല്യ പ്രതിഭ വിജയൻ മലാപ്പറമ്പ് അരങ്ങൊഴിഞ്ഞു. പ്രൊഫഷണൽ നാടക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടനായിരുന്നു വിജയൻ മലാപ്പറമ്പ്. 2011-ൽ മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1978ൽ പി എം താജിൻ്റെ ‘പെരുമ്പറ’ എന്ന നാടകത്തിലൂടെയാണ് വിജയൻ പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിച്ചത്.
നാടകാചാര്യൻ കെ ടി മുഹമ്മദിൻ്റെ കലിംഗ തിയേറ്റർ, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ് തുടങ്ങിയ പ്രമുഖ ട്രൂപ്പുകളുടെ ഭാഗമായി. ഇബ്രാഹിം വെങ്ങരയുടെ ‘രാജ്യസഭ’ എന്ന നാടകം വിജയൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ വച്ച് നടക്കും.