കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായ മുഹമ്മദ് ഹനാൻ ഹാരിസ് എം കെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം (നാഷണൽ ടോപ്പർ MASE Trade) കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽസ് ഇഫക്ട്സ് ട്രേഡിലാണ് ദേശീയതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഐടിഐയുടെ മികച്ച പരിശീലന നിലവാരവും വിദ്യാർഥികളുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്വാഗത പ്രസംഗത്തിൽ പ്രിൻസിപ്പാൾ ബെൻസൺ ടി ടി അഭിപ്രായപ്പെട്ടു. വിവിധ ട്രേഡുകളിലായി പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 98% ഉയർന്ന വിജയം നേടിയിട്ടുണ്ട്. വിജയികളായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മാർക്ക് ഷീറ്റുകളും വിതരണം ചെയ്യുന്ന ചടങ്ങ് ഐടിഐ ഓഡിറ്റോറിയത്തിൽ നടന്നു. നാഷണൽ ടോപ്പർ മുഹമ്മദ് ഹനാൻ ഹാരിസിനെയും പരിശീലകരായ സരിൻ പി കെ, ലേഖ വി എം എന്നിവരെയും വിവിധ ട്രേഡുകളിലായി ഉന്നത വിജയം കൈവരിച്ച ട്രെയിനികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
വാർഡ് കൗൺസിലർ ശ്രീ സിറാജ് വി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീ രാജീവൻ വി (എംപ്ലോയ്‌മെന്റ് ഓഫീസർ കൊയിലാണ്ടി) ഉദ്ഘാടനം നിർവഹിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുകയും അവരുടെ തുടർ പഠനത്തിനും തൊഴിൽ മേഖലയിലെ മുന്നേറ്റത്തിനും ആശംസകൾ നേരുകയും ചെയ്തു. ഐടിഐയുടെ വളർച്ചയിൽ ഈ നേട്ടം ഒരു വഴിത്തിരിവാകുമെന്നും കൂടുതൽ വിദ്യാർഥികൾക്ക് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ട്രേഡ് ഇൻസ്ട്രക്ടർമാർ, പിടിഎ പ്രതിനിധികൾ, ട്രെയിനികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.