കൊയിലാണ്ടി: സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ-സാമുദായിക നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങൾ സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് ഗൗരവമായി കാണണമെന്ന് കൊയിലാണ്ടി മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനാണ് മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല, ഇത്തരം പരാമർശങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമെന്നത് തിരിച്ചറിയാൻ എല്ലാ വിഭാഗങ്ങൾക്കും സാധിക്കണം.
സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തണം. ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാദ്ധ്യമാകു എന്നതും മണ്ഡലം പ്രതിനിധി സമ്മേളനം ഓർമ്മപ്പെടുത്തി.
പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ഒ റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന സെക്രട്ടറി സുനൈജ് പാണ്ടിക്കാട്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, ഉമ്മർ കാപ്പാട്, കെ.പി അബ്ദുൽഹമീദ്, ഒ.കെ അബ്ദുല്ലത്തീഫ്, സൈഫുല്ല പയ്യോളി വിഷയാവതരണം നടത്തി. യൂനുസ് കൊയിലാണ്ടി പ്രമേയാവതരണം നടത്തി. എൻ.എൻ സലീം , ടി ടി കാസിം കാട്ടിലപ്പീടിക , അബ്ദുൽ മജീദ് അരിക്കുളം, ബിലാൽ കൊല്ലം, സരീഹ് എച്ച്.എം , അമൽ ജമാൽ പ്രസംഗിച്ചു.