രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശം പരിഗണിച്ചാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു . പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചതായും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിധിന്‍ഗഡ്ക്കരിയെ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടുതല്‍ പാതകള്‍ ദേശീയപാതയായി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതില്‍ രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡിന്റെ കാര്യവും വിശദമായി സൂചിപ്പിച്ചിരുന്നു. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത് . ജനങ്ങളുടെ ദീര്‍ഘ കാലത്തെ സ്വപ്നമാണ് ഈ പാതാ വികസനം. ഈ പദ്ധതി സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു
12 കിലോമീറ്റര്‍ വരുന്ന രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് നാലുവരിപാതയായി വികസിപ്പിക്കുന്നതിനുള്ള ഡി പി ആര് ആണ് തയ്യാറാക്കുക. നേരത്തെ എയര്‍പോര്‍ട്ട് റോഡ് വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ദേശീയ പാത- 66 ന്റെ വികസനം സാധ്യമാകുന്ന ഘട്ടത്തില്‍ അതുമായി ബന്ധിപ്പിക്കുന്ന പ്രധാനറോഡാണ് എയര്‍പോര്‍ട്ട് റോഡ്. ഈ സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് റോഡും ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടത്. സാധ്യതപഠനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയപാതാ അതോറിറ്റിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതോടൊപ്പം സംസ്ഥാനത്ത് നാല് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക. അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം ബൈപാസ്, മൂവാറ്റുപുഴ ബൈപാസ് നിർമാണങ്ങള്‍ക്കുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. 20 കിലോമീറ്റര്‍ വരുന്ന കൊടുങ്ങല്ലൂര്‍ – അങ്കമാലി ( വെസ്റ്റേണ്‍ എറണാകുളം ബൈപ്പാസ് ) റോഡും നാലു വരി പാതയാക്കി ഉയര്‍ത്താനുള്ള പദ്ധതി രേഖയാണ് തയ്യാറാക്കുക. 30 കിലോമീറ്റര്‍ വരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡും 13 കിലോ മീറ്റര്‍ വരുന്ന വൈപ്പിന്‍ – മത്സ്യഫെഡ് റോഡും 2 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ ആയും വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ ബൈപാസ്സുകളും 2 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ ആയാണ് വികസനം ലക്ഷ്യമിടുന്നത്.