കൂരാച്ചുണ്ട് : ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിൻ്റെ സന്തോഷത്തിലാണ് താമരശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വയോജനങ്ങൾ. പാട്ടുപാടിയും കഥ പറഞ്ഞു കുട്ടികളുടെ മനസ്സുമായാണ് അവർ ഇന്നലെ കെഎസ്ആർടിസി ബസിൽ മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറയിലെത്തിയത്. 85 വയസ്സു കഴിഞ്ഞ ജാനു അമ്മയും, 71ലെത്തിയ ദേവി ചേച്ചിയും തുടങ്ങി മനസ്സിൽ യുവത്വം വിടാത്ത 48 വയോജനങ്ങൾ. സൊറയും പാട്ടും പറച്ചിലുമായി വയോജനദിനം അവരൊന്നിച്ച് ആഘോഷമാക്കി.
താമരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, ഒന്നാം വാർഡ് മെമ്പറുമായ സൗദ ബീവിയുടെ നേതൃത്വത്തിലാണ് വയോജനദിനത്തോടനബന്ധിച്ച് ഉല്ലാസയാത്ര ഒരുക്കിയത്. സുമനസ്സുകളുടെ സ്പോൺസർഷിപ്പിലാണ് യാത്രക്ക് ആവശ്യമായ സാമ്പത്തികം സമാഹരിച്ചത്.