തിരുവങ്ങൂരിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജനവാസ മേഖലയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നടത്തുന്ന നീക്കത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവങ്ങൂർ അണ്ടി കമ്പനിക്കും കുനിയിൽ കടവ് പാലത്തിനും ഇടയിലാണ് മൂന്ന് പെട്രോൾ പമ്പുകൾ സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 8, 9, 10 വാർഡുകളിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ടു പമ്പും റിലയൻസ് കമ്പനിയുടെ മറ്റൊരു പമ്പിനും പരിസരവാസികളുടെ എതിർപ്പുകൾ മറികടന്ന് അധികൃതർ അനുമതി നൽകിയിരിക്കുന്നത്. നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്റെയും സെൻട്രൽ പൊലുഷൻ കൺട്രോൾ ബോർഡിൻ്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ മറികടന്നാണ് പെട്രോൾ പമ്പുകൾ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. 50 മീറ്റർ ദൂരപരിധിക്കുള്ളിൽ സ്കൂളുകളോ ആശുപത്രികളോ പാർപ്പിടങ്ങളോ ഉണ്ടെങ്കിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ പാടില്ലാത്തതാണ്. ജനവാസ കേന്ദ്രം ആണെന്ന് അറിഞ്ഞിട്ടും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് ആണ് എഡി എമ്മിന് കൊടുത്തത്.
ചേമഞ്ചേരി പഞ്ചായത്തിലെ എല്ലാ പ്രദേശവും ഡെസിഗ്നേറ്റഡ് റസിഡൻഷ്യൽ ഏരിയ ആണെന്നിരിക്കെ പൊലുഷൻ കൺട്രോൾ ബോർഡിൻ്റെ ഉത്തരവ് മറികടന്നാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ അനുമതി നൽകിയത്. ചെന്നൈ സോൺ ഗ്രീൻ ട്രിബ്യൂണൽ ഉത്തരവും ലംഘിച്ചു കൊണ്ടാണ് പമ്പുകൾക്ക് അനുമതി നൽകിയത്. ഭൂമിക്കടിയിൽ പെട്രോൾ ടാങ്ക് സ്ഥാപിക്കേണ്ടത് ശക്തമായ കോൺക്രീറ്റ് ഭിത്തികളോട് കൂടിയ കുഴികളിൽ ആണ്. എന്നാൽ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം പെട്രോൾ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത് ഇഷ്ടിക കൊണ്ടു നിർമ്മിച്ച കുഴിയിലാണ്, ഇതും നിയമവിരുദ്ധമാണ്. പത്താം വാർഡിൽ നിർമ്മിക്കുന്ന പെട്രോൾ പമ്പിന്റെ വടക്കുഭാഗത്ത് താമസിക്കുന്ന ടി.പി. രാഘവൻ്റെ വീട്ടിൽ നിന്നും, സമീപത്തെ തൈവളപ്പിൽ നഫീസ പൂക്കണ്ടിയിൽ നജൽ എന്നിവരുടെ വീട്ടിൽ നിന്നും 15 മീറ്ററിൽ താഴെയാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ അനുമതി. 15 മീറ്ററിനുള്ളിൽ നാലു വീടുകളും 30 മീറ്ററിനുള്ളിൽ 10 വീടുകളും 50 മീറ്ററിനുള്ളിൽ 25 വീടുകളും ഇവിടെയുണ്ട്. ഈ വീട്ടുകാർ എല്ലാവരും അവരുടെ വീട്ടുപറമ്പിലെ കിണറുകളിൽ നിന്നാണ് കുടിവെള്ളം ഉപയോഗിക്കുന്നത്. പെട്രോൾ പമ്പ് വന്നാൽ കിണറുകളിലെ വെള്ളം മലിനമാകുമെന്ന ആശങ്ക ഇവർക്കുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് പ്രകരം 30 മീറ്ററിനുള്ളിൽ വീടുണ്ടെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പമ്പ് അനുവദിക്കുന്നതിന് 30 മീറ്റർ ദൂരപരിധി കർശനമായി പാലിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ പ്രസ്തുത നിർദ്ദേശം ലംഘിച്ചു കൊണ്ടാണ് ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്. പത്രസമ്മേളനത്തിൽ ടി പി രാഘവൻ , ഇ കെ ജയൻ ,മുഹമ്മദ് ഹസ് മുക് സിദ്ദിഖ്, ടി പി അമൃത് രാജ് എന്നിവർ പങ്കെടുത്തു.