ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി ഇനി രക്തം തേടാനും നൽകാനും കഴിയും.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് ആരംഭിച്ച ‘പോൽ ബ്ലഡ്’ പദ്ധതിയിൽ ആര്‍ക്കും അംഗമാകാം. രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ Donor ഫോറവും, രക്തം ആവശ്യമുള്ളവർ Recipient ഫോറവും ആപ്പിൽ പൂരിപ്പിച്ചാൽ മതി. അപേക്ഷ രജിസ്റ്റർ ചെയ്താൽ കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെടും.
പണം വാങ്ങി രക്തം നൽകുന്നതിനെതിരായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് സുതാര്യമായ രക്തദാന സംവിധാനവുമായി രംഗത്തിറങ്ങിയത്. അടിയന്തര ആവശ്യങ്ങൾക്കുപുറമേ സാമൂഹിക ഉത്തരവാദിത്വമായി രക്തദാനത്തിലും ആളുകൾ പങ്കാളികളാകണം എന്നും പൊലീസ് അഭ്യർത്ഥിച്ചു.പോൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ‘പോൽ ബ്ലഡ്’ വിഭാഗം തെരഞ്ഞെടുക്കുന്നതിലൂടെ സേവനം ലഭ്യമാകും.