പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ശുഭ വിരാമം. ‘ആകാശ എയർ’ കോഴിക്കോടിന്റെ റൺവേയിൽ മുത്തമിട്ടു. ആദ്യ ഫ്ലൈറ്റിന് കോഴിക്കോട് വിമാനത്താവളത്തിൽ പ്രൗഢോജ്വല സ്വീകരണമൊരുക്കി. ക്യൂ.പി. 1701 നമ്പറിലുള്ള വിമാനം മുംബൈയിൽനിന്നു വൈകീട്ട് 5.35-ന് പുറപ്പെടും. 7.20-ന് കോഴിക്കോട്ടെത്തും. 7.55-ന് കോഴിക്കോട്ടുനിന്ന് തിരിച്ചുപറക്കുന്ന വിമാനം 9.40-ന് മുംബൈയിൽ എത്തും.
ബോയിങ് 737 മാക്സ് വിമാനമാണ് ‘ആകാശ’ എയർ സർവീസിന് ഉപയോഗിക്കുക. 180 പേർക്ക് യാത്രചെയ്യാവുന്ന വിമാനത്തിൽ മുഴുവൻ സീറ്റുകളും ഇക്കോണമി ക്ലാസ്സിൽ ആയിരിക്കും. 3,000 രൂപ മുതൽ 4,000 രൂപവരെയാണ് ഇവർ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങളും കമ്പനി വാഗ്ദാനംചെയ്യുന്നു.ഇതിനുപുറമേ കോഴിക്കോട്ടുനിന്ന് അന്താരാഷ്ട്ര സർവീസുകളും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് സർവീസുകൾ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.