തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഒക്ടോബർ 25-ന് പുറത്തുവരും.
കരട് പട്ടികയിൽ 2,83,12,458 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറും, 2087 പ്രവാസി വോട്ടർമാരുമാണ്.വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ, തിരുത്തലുകൾ വരുത്താൻ, സ്ഥാനമാറ്റം രേഖപ്പെടുത്താൻ, പേരൊഴിവാക്കാൻ ഒക്ടോബർ 14 വരെ അവസരമുണ്ടാകും. അപേക്ഷകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ sec.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി അപേക്ഷിച്ചാൽ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലും, 87 മുനിസിപ്പാലിറ്റികളിലും, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലുമാണ് വോട്ടർ പട്ടിക പുതുക്കുന്നത്. അപേക്ഷകളിലോ ആക്ഷേപങ്ങളിലോ കമ്മീഷൻ സ്വീകരിക്കുന്ന നടപടിക്കെതിരെ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം.വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ തിരിച്ചറിയൽ നമ്പർ നൽകും. “SEC” എന്ന ഇംഗ്ലീഷ് അക്ഷരങ്ങളോടൊപ്പം ഒമ്പത് അക്കങ്ങൾ ചേർന്നതാണ് ഈ നമ്പർ. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ഈ നമ്പർ ഉപയോഗിക്കാനാകും.