എലത്തൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു.
മണ്ഡലത്തിലെ പൊതുമരാമത്ത് കെട്ടിടം, റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പൊതുമരാമത്ത് റോഡുകള്‍ പൂര്‍ണമായും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് മാറ്റുന്നതിനാവശ്യമായ വിശദവിവരങ്ങള്‍ ലഭ്യമാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ എന്‍സിസി ബോട്ട് ഹൗസ് പ്രവൃത്തി ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടു.
അംശകച്ചേരി ചെറുകുളം റോഡിലെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി യോഗത്തില്‍ അറിയിച്ചു. 436 സ്ഥലമുടമകള്‍ക്ക് ഭൂമി ഏറ്റെടുത്തതിന് 22.79 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് ഭൂവുടമകള്‍ക്ക് ഒരാഴ്ചക്കക്കം തുക കൈമാറും.
നന്മണ്ട മിനി സിവില്‍ സ്റ്റേഷന്‍, എലത്തൂര്‍ ഐടിഐ, കുരുവട്ടൂര്‍ എഫ്എച്ച്‌സി എന്നിവയുടെ കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ചേളന്നൂര്‍ ഹോമിയോ ഹോസ്പിറ്റല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാനും കാക്കൂര്‍ ബഡ്സ് സ്‌കൂള്‍ പ്രവൃത്തി ആരംഭിക്കുന്നതിന് യോഗം വിളിക്കാനും തീരുമാനിച്ചു. പുതിയങ്ങാടി-പുറക്കാട്ടിരി-അണ്ടിക്കോട് -അത്തോളി-ഉള്ള്യേരി റോഡിന്റെ സര്‍വേ നടപടികള്‍ക്കായി കെആര്‍എഫ്ബിക്ക് പുറത്തുനിന്ന് സര്‍വേയര്‍മാരെ എടുക്കാനുള്ള സാധ്യത പരിശോധിക്കാനും യോഗത്തില്‍ നിര്‍ദേശം വന്നു.
യോഗത്തില്‍ കെട്ടിട വിഭാഗം ഉത്തര മേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ യു പി ജയശ്രീ, കെആര്‍എഫ്ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രജിന, പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വി ഷിനി, സീനിയര്‍ ആര്‍ക്കിടെക്ട് എം എസ് അബ്ദുല്‍ അലീഫ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.