വയോജന സൗഹൃദാന്തരീക്ഷം ഒരുക്കുകയും അവര്‍ക്കായി മികച്ച ആരോഗ്യ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയം ചെയ്തതിനുള്ള അംഗീകാര നിറവില്‍ ഒളവണ്ണ ഗ്രാമ പഞ്ചായത്ത്. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പാക്കിയതിനുള്ള സാമൂഹികനീതിവകുപ്പിന്റെ വയോ സേവന പുരസ്‌കാരത്തിനാണ് പഞ്ചായത്ത് അര്‍ഹമായത്. പ്രശസ്തി പത്രവും ഉപഹാരവുമുള്‍പ്പെടെ ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
വയോജന ക്ലബുകള്‍, പകല്‍വീടുകള്‍, വയോജന പാര്‍ക്ക്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, സൗജന്യ ഡയാലിസിസ്, ഓപണ്‍ ജിം, യോഗ ക്ലാസുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ക്കായി നിരവധി പദ്ധതികളാണ് ജില്ലയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള പഞ്ചായത്ത് കൂടിയായ ഒളവണ്ണയില്‍ നടപ്പാക്കിയത്. കൂടാതെ, ‘ഇ-മുറ്റം’ പദ്ധതിയിലൂടെ ഡിജിറ്റല്‍ പഠനത്തിന് അവസരം, വയോജനോത്സവങ്ങള്‍, വിനോദ-സാംസ്‌കാരിക പരിപാടികള്‍, ഉല്ലാസയാത്രകള്‍ എന്നിവയും സംഘടിപ്പിച്ചു.
വയോജനങ്ങളുടെ ആത്മവിശ്വാസവും സാമൂഹിക സുരക്ഷയും വര്‍ധിപ്പിക്കുന്ന പദ്ധതികളിലൂടെ കേരളത്തില്‍ ഒന്നാമതെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും പഞ്ചായത്തിന്റെ നേതൃത്വവും ജനങ്ങളുടെ പിന്തുണയും ചേര്‍ന്നാണ് ഈ നേട്ടം സാധ്യമായതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി പറഞ്ഞു.
ഗുഡ് ഗവേണന്‍സ് പുരസ്‌കാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനം, സുസ്ഥിര വികസന റാങ്കിങ് പട്ടികയില്‍ എ ഗ്രേഡ് നേടിയ കേരളത്തിലെ ആറ് പഞ്ചായത്തുകളില്‍ ഒന്ന്, ലൈഫ് മിഷന്‍-പി.എം.എ.വൈ നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയുള്ള പഞ്ചായത്ത്, സ്ത്രീ സുരക്ഷയും ബാലസുരക്ഷയും ഉറപ്പാക്കിയ ജാഗ്രത സമിതി അവാര്‍ഡില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം, ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ള ഹൗസ് കണക്ഷന്‍ നല്‍കിയ പഞ്ചായത്ത്, ശുചിത്വ മിഷന്‍ അവാര്‍ഡുകള്‍, സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം തുടങ്ങി നിരവധി ഭരണനേട്ടങ്ങള്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്.