മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പ്രതിമാസ പ്രീമിയം തുക വർധിച്ചേക്കുമെന്ന് സൂചന. സർക്കാർ നിശ്ചയിച്ച 750 രൂപയിൽ ഒതുങ്ങില്ലെന്നും, ഇൻഷുറൻസ് കമ്പനികൾ ഉയർന്ന പ്രീമിയം ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കേണ്ടി വരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
നിലവിലെ മൂന്നുവർഷത്തെ പദ്ധതിയിൽ പ്രതിമാസ പ്രീമിയം 500 രൂപയാണ്. പുതിയ കരാർ രണ്ടു വർഷത്തേക്കാണ്. ആദ്യ വർഷത്തെ പ്രീമിയത്തിൽ രണ്ടാം വർഷം 5% വർധന അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യ പദ്ധതി ഏറ്റെടുത്ത ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയമായി ലഭിച്ചതിനേക്കാൾ കൂടുതൽ തുക ചികിത്സാ ചെലവുകൾക്കായി നൽകേണ്ടി വന്നതാണ് പുതിയ സാഹചര്യത്തിന് കാരണം. ഏകദേശം 87 കോടിയോളം രൂപയുടെ ക്ലെയിമുകൾ അവസാനഘട്ടത്തിൽ ഇൻഷുറൻസ് കമ്പനി നിരസിച്ചിരുന്നു. ഉയർന്ന പ്രീമിയം തുക അംഗീകരിച്ചാൽ മാത്രമേ പുതിയ പദ്ധതി ഏറ്റെടുക്കാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറാവുകയുള്ളൂ.
കുറഞ്ഞ വരുമാനമുള്ള ജീവനക്കാരെയും പെൻഷൻകാരെയും പ്രീമിയം തുക അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 11,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും 83,500 രൂപ അടിസ്ഥാന പെൻഷൻ വാങ്ങുന്നവരും ഒരേ തുക പ്രീമിയം നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം മെഡിസെപ് പദ്ധതിയുടെ കാലാവധി ജൂണിൽ അവസാനിച്ചതിനെത്തുടർന്ന് ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇതിനുള്ളിൽ പുതിയ കരാറിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാംഘട്ടം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഏകദേശം 31 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. പുതിയ ഘട്ടത്തിൽ ഇ.എസ്.ഐ. ആനുകൂല്യം ഇല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, ഗുണഭോക്താക്കളുടെ എണ്ണം 40 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇൻഷുറൻസ് കവറേജ് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.