കൂരാച്ചുണ്ട് : കാന്തലാട്, കൂരാച്ചുണ്ട് വില്ലേജുകളിലെ കർഷകരുടെ ഭൂമിക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കാത്ത പ്രശ്നത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ കർഷകർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കർഷകരുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് നികുതി അടക്കമുള്ള രേഖകൾ നൽകണമെന്ന് 2018-ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. നികുതി സ്വീകരിച്ചുവെങ്കിലും ഭൂമി കൈമാറ്റം ചെയ്യുന്നതിനും മറ്റും ആവശ്യമായ തണ്ടപ്പേർ അനുവദിക്കാൻ ഇപ്പോഴും റവന്യു – വനം വകുപ്പുകളിൽ നിന്ന് തടസം നേരിടുന്നു. മക്കളുടെ വിവാഹം, ഭൂമിയുടെ ക്രയവിക്രയം തുടങ്ങിയ കാര്യങ്ങൾക്കൊന്നും കർഷകർക്ക് കഴിയുന്നില്ല. 1977 ലെ വനം വകുപ്പ് സർവേ പ്രകാരം കൃഷിഭൂമിയിൽ കല്ലു സ്ഥാപിച്ചതാണ് കർഷകർക്ക് വിനയായത്. ഇതാണ് തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു റവന്യു വകുപ്പ് തടസ്സം ഉന്നയിക്കാൻ കാരണം.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, കേപിസിസി ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, സണ്ണി പാരഡൈസ്, ജോസ് വെളിയത്ത്, സൂപ്പി തെരുവത്ത്, ജിതേഷ് മുതുകാട്, ജോൺസൻ എട്ടിയിൽ എന്നിവർ സംസാരിച്ചു.
‘മരിക്കുന്നതിന് മുമ്പ് എനിക്കെന്റെ അച്ഛൻ നൽകിയ ഭൂമി മക്കൾക്ക് നൽകണം’
റവന്യു – വനം വകുപ്പുകളുമുണ്ടായ ഭൂമി തർക്കത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് തീരുമാനമെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട ഭൂരേഖകൾ ലഭിക്കാത്തതിനെതിരെയാണ് സമരമെന്ന് നിരാഹാരമിരിക്കുന്ന കുര്യൻ ചെമ്പനാനി, മാത്യു കാനാട്ട് എന്നിവർ പറഞ്ഞു. തങ്ങളുടെ പിതാക്കൻമാർ ഞങ്ങൾക്ക് കൈമാറിയ ഭൂമി സ്വന്തം മക്കൾക്ക് കൈമാറാൻ പോലും സാധിക്കാത്തത് മലയോര കർഷകരോടുള്ള ചെയ്യുന്ന ചതിയാണെന്നും, സമരപന്തലിൽ വെച്ച് മരിച്ചാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കർഷകർ അറിയിച്ചു.
ജില്ലാ കളക്ടർ, ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവർക്ക് 1977ന് മുമ്പ് കൈവശമുള്ള കർഷകരുടെ ഭൂമി പരിശോധിച്ച് ആവശ്യമായ നികുതിയും മറ്റു റവന്യു രേഖകളും നൽകുന്നതിന് ഉത്തരവായിരുന്നു. അത് പ്രകാരം 2019ൽ കോഴിക്കോട് ജില്ലാ കളക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവർ സംയുക്തമായി തീരുമാനമെടുത്ത് വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും നാളിതുവരെ വിഷയം പരിഹരിക്കപെട്ടിട്ടില്ല എന്നും കുര്യൻ ചെമ്പനാനി ആരോപിച്ചു.