രമേശ് ചെന്നിത്തല നയിച്ച പ്രൗഡ് കേരളയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് പാലക്കാടന്‍ മണ്ണില്‍ ജനകീയ പ്രതിരോധത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി. തനത് കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ രാവിലെ ആറ് മണിക്ക് വിക്ടോറിയ കോളജിനു മുന്നില്‍ നിന്ന് ആരംഭിച്ച ലഹരിക്കെതിരെ സമൂഹനടത്തം കോട്ടമൈതാനത്ത് സമാപിച്ചു. പാലക്കാട്ടെ സാമൂഹ്യ സാംസ്‌കാരിക നായകന്മാര്‍ ഈ നടത്തത്തില്‍ അണി ചേര്‍ന്നു. രാവിലെ മുതല്‍ വിക്ടോറിയ കോളജിനു മുന്നിലേക്ക് ജനങ്ങൾ ഒഴുകിയെത്തി തുടങ്ങിയിരുന്നു.
പ്രൗഡ് കേരളയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന പതിനൊന്നാമത് വാക്കത്തോണാണ് പാലക്കാട് അരങ്ങേറിയത്. രാഷ്ട്രീയ രഹിത മുന്നേറ്റമായ പ്രൗഡ് കേരള കോഴിക്കോട്ട് ആരംഭിച്ച വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടും കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ വയനാട് എന്നി ജില്ലകളില്‍ നടന്നു.
ചരിത്രമുറങ്ങുന്ന വിക്ടോറിയ കോളജിനു മുന്നില്‍ വികെ. ശ്രീകണ്ഠന്‍ എംപി ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെയുള്ള സമരം മാനവികതയ്ക്കു വേണ്ടിയുള്ള സമരമാണെന്നും ഓരോ മനുഷ്യനും ഇതില്‍ അണി ചേരേണ്ടതുണ്ടെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. ഓരോ വീടുകളില്‍ നിന്നും പ്രതിരോധം ആരംഭിക്കണം. സ്‌നേഹം നിറഞ്ഞു നിന്ന വീടുകളില്‍ ഇന്ന് ചോര വീഴുകയാണ്. മക്കള്‍ മാതാപിതാക്കളെ വെട്ടിക്കൊല്ലുന്ന കാലമാണ്. രാസലഹരിയാണ് ഇതിനു കാരണം. ഇതിന്റെ വേരുകള്‍ പറിച്ചെറിയേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഈ ധര്‍മ്മ സമരം ജനത ഏറ്റെടുക്കണം – ശ്രീകണ്ഠന്‍ പറഞ്ഞു.
സമൂഹത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ ലഹരിമാഫിയയെ തകര്‍ത്തെറിയാന്‍ ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ കുട്ടികള്‍ ലഹരിക്കടിമകള്‍ മാത്രമല്ല, ലഹരിവാഹകര്‍ കൂടിയാകുന്ന സ്ഥിതി വിശേഷമാണ്. ഒരു തലമുറയുടെ ഓജസ് നശിക്കുകയാണ്. രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവര്‍ തെരുവോരങ്ങളില്‍ ഒടുങ്ങുന്നു. ബോധം തകര്‍ന്നു കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആനയിക്കപ്പെടുന്നു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ മിക്കതിനും പിന്നില്‍ ലഹരിയുണ്ട്. ലഹരി മനസാക്ഷിയെ തകര്‍ത്തു കളയും. തെറ്റും ശരിയും തിരിച്ചറിയാനുള്ള ചിന്താ ശേഷിയെ ഇല്ലാതാക്കും. പിന്നീട് എന്തു കുറ്റകൃത്യങ്ങള്‍ക്കും ഈ ചെറുപ്പക്കാരെ ഉപയോഗിക്കാനാകും. അങ്ങനെയാണ് മാഫിയകള്‍ ഇവരെ ഉപയോഗിക്കുന്നത്. പഞ്ചാബില്‍ നടന്നത് കേരളത്തില്‍ അനുവദിക്കാനാവില്ല. നമ്മുടെ രാജ്യത്തെ തന്നെ മികച്ച തലച്ചോറുകളാണ് കേരളത്തിലേത്. അത് ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ജാഥാംഗങ്ങള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അധ്യക്ഷനായിരുന്നു.
കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബല്‍റാം, മുൻ യു എന്‍ ജോയിൻ്റ് സെക്രട്ടറി അജിത് കുമാര്‍ വര്‍മ്മ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, സി. ചന്ദ്രന്‍, പ്രൊഫസര്‍ കെ എ തുളസി, കെപിസിസി വക്താവ് സന്ദീപ് വാര്യര്‍, നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍, മുന്‍ എം.പി വിഎസ് വിജയരാഘവന്‍, അഡ്വക്കേറ്റ് എന്‍. ഷംസുദ്ദീന്‍ എംഎല്‍എ, കെ.എ ചന്ദ്രന്‍ എക്‌സ് എം.എല്‍ എ, കെപിസിസി സെക്രട്ടറിമാരായ പി വി രാജേഷ്, പി ബാലഗോപാല്‍, പി ഹരിഗോവിന്ദന്‍, ഡിസിസി വൈസ് പ്രസിഡണ്ട് മാരായ സുമേഷ് അച്ചുതന്‍, ടി എച്ച് ഫിറോസ് ബാബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എസ് കെ അനന്തകൃഷ്ണന്‍, ദേശീയ അത്‌ലറ്റിക് താരം ഹരിദാസ്, കിദര്‍ മുഹമ്മദ്, പത്മ ഗിരീശന്‍, ഫെബിന്‍, പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍, ഡോ. ആര്‍. വത്സലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ ഘടകകക്ഷി നേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍, പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.