തിരുവനന്തപുരം : ഭൂട്ടാൻ ക്രമക്കേടിനെ തുടർന്നു സംസ്ഥാനത്തെ അനധികൃത സെക്കൻഡ് ഹാൻഡ് വാഹനവിൽപ്പന കേന്ദ്രങ്ങൾക്കെതിരെ ഗതാഗതവകുപ്പ് കടുത്ത നടപടിയിലേക്ക്. രജിസ്‌ട്രേഷൻ ഇല്ലാത്ത കേന്ദ്രങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി.
ഇത്തരത്തിലുള്ള കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സർക്കാരിന് നിയന്ത്രണമില്ലാത്തത് നികുതി വെട്ടിപ്പിന് വഴിയൊരുക്കുന്നുവെന്ന വിലയിരുത്തലിലാണ് നടപടി. 2022ലെ മോട്ടോർവാഹന നിയമഭേദഗതിയിലും കർശന വ്യവസ്ഥകൾ ഉണ്ടായിരുന്നുവെങ്കിലും, സംസ്ഥാനത്ത് പൂർണമായി നടപ്പിലായിട്ടില്ല.
500ൽ താഴെ കേന്ദ്രങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന ഡീലർമാർ വിൽപ്പനയ്ക്കുള്ള വാഹനങ്ങളുടെ എഞ്ചിൻ-ഷാസി നമ്പറും രജിസ്‌ട്രേഷൻ വിവരങ്ങളും വാഹന പോർട്ടലിൽ ഉൾപ്പെടുത്തണം.
ഇതിലൂടെ സർക്കാർ ഏജൻസികൾക്ക് ഓരോ സ്ഥാപനത്തിലും എത്ര വാഹനങ്ങൾ വിൽപ്പനയ്‌ക്കുള്ളതാണെന്ന് നിരീക്ഷിക്കാൻ കഴിയും.
വാഹന ഉടമസ്ഥാവകാശം പുതിയ വാങ്ങുന്നയാൾക്ക് നേരിട്ട് കൈമാറാൻ ഡീലർമാർക്കു തന്നെ അധികാരംഉണ്ടായിരിക്കും.രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന വാഹനവിൽപ്പനക്കാർ ഇനി കരിമ്പട്ടികയിൽപ്പെടും.