ഒരു ആരോഗ്യമുള്ള മനുഷ്യന് എത്ര വയസ്സ് വരെ ജീവിക്കാനാകും എന്നത് ശാസ്ത്രലോകത്തെ കാലങ്ങളായി കൗതുകപ്പെടുത്തിയ ചോദ്യമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മനുഷ്യരുടെ സ്വാഭാവിക ആയുർദൈർഘ്യം 120 മുതൽ 150 വയസ് വരെ ആയിരിക്കാമെന്നാണ്.
രോഗങ്ങളൊന്നുമില്ലെങ്കിലും മനുഷ്യശരീരത്തിന്‍റെ പ്രതിരോധശേഷിയും കോശങ്ങളുടെ നവീകരണ ശേഷിയും വയസ്സാകുമ്പോൾ ക്രമേണ കുറഞ്ഞ് പോകുന്നു. ഇതാണ് മനുഷ്യജീവിതത്തിന് സ്വാഭാവികമായൊരു പരിമിതി ഉണ്ടാക്കുന്നത്.വൈദ്യശാസ്ത്രത്തിലെ പുരോഗതികൾ, ആരോഗ്യകരമായ ജീവിതശൈലികൾ, നവീന ചികിത്സകൾ എന്നിവയ്ക്ക് ജീവിതകാലം ദൈർഘ്യമാക്കാൻ കഴിയുന്നുവെങ്കിലും വാർദ്ധക്യ പ്രക്രിയയെ മുഴുവൻ മറികടക്കാൻ കഴിയില്ല എന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
സിംഗപ്പൂരിലെ ഗീറോ (Gero) എന്ന ബയോടെക് കമ്പനിയിലെ തിമോത്തി പിർക്കോവ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷകസംഘം നടത്തിയ പഠനം Nature Communications ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. രക്തകോശങ്ങളുടെ എണ്ണം, ദിനചര്യയിലെ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിലൂടെയാണ് മനുഷ്യർക്ക് ജീവിക്കാൻ കഴിയുന്ന പരമാവധി പ്രായം കണക്കാക്കിയത്.