നാളെ മുതൽ രാജ്യത്ത് പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പ്രാബല്യത്തിൽ വരും. പല സാധനങ്ങളിലും വിലക്കുറവ് ലഭിക്കുമെങ്കിലും, പായ്ക്കറ്റ് സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പുതിയ നിരക്ക് ഉടൻ വിപണിയിൽ പ്രതിഫലിക്കണമെന്നില്ല. സെപ്റ്റംബർ 22-ന് മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ പഴയ എംആർപി തുടരും. ചില ഉൽപ്പന്നങ്ങളിൽ പഴയ വിലയും പുതുക്കിയ വിലയും ഒരുമിച്ച് കാണാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ₹50 എംആർപി കാണിക്കുന്ന ബിസ്കറ്റ് പായ്ക്കിൽ, പുതുക്കിയ ജിഎസ്ടി പ്രകാരം ₹48 രേഖപ്പെടുത്തിയിരിക്കാം. ഇതറിയാതെ ചില വ്യാപാരികൾ ഉയർന്ന തുക ഈടാക്കാൻ സാധ്യതയുണ്ട്.
പഴയ പാക്കേജിംഗിലുള്ള ഉൽപ്പന്നങ്ങൾ 2026 മാർച്ച് 31 വരെ വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്. എംആർപി പുതുക്കാൻ സ്റ്റിക്കർ, സ്റ്റാമ്പ്, ഡിജിറ്റൽ പ്രിന്റിംഗ് തുടങ്ങിയ മാർഗങ്ങൾ നിർമ്മാതാക്കൾക്ക് ഉപയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു.ഉപഭോക്താക്കൾക്ക് എംആർപി പരിശോധിച്ച് മാത്രമേ പണം നൽകാവൂ.