തിരുവനന്തപുരം : അതിദരിദ്രർക്കായി വാതിൽപ്പടി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘അതിദരിദ്രരില്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകാനാണ് പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.
ബ്രെയിൻസ്റ്റോമിംഗ് സെഷനിൽ രൂപപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 28 വരെ ആരോഗ്യ പ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തി പരിശോധനകൾ നടത്തും.ബ്ലഡ് കൗണ്ട്, ആർബിഎസ്, ബ്ലഡ് യൂറിയ/സെറം ക്രിയാറ്റിൻ, എസ്‌ജിഒടി/എസ്‌ജിപിടി, ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎസ് തുടങ്ങി വിവിധ പരിശോധനകൾ വീട്ടിൽ തന്നെ നടത്തും. തുടർന്ന് ആവശ്യമായവർക്ക് സ്ഥാപന തലത്തിൽ തുടർചികിത്സ ഉറപ്പാക്കും. ഇതിനായി കെയർ കോർഡിനേറ്റർമാരെ നിയോഗിക്കും.
ഗർഭിണികൾക്കും ആദിവാസികൾക്കും ചികിത്സയും പ്രസവസഹായവും ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഗതാഗത സൗകര്യങ്ങൾ ഒരുക്കും. ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെ സേവനം ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലൂടെ സന്നദ്ധപ്രവർത്തകരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.ഗർഭിണികൾ, കിടപ്പുരോഗികൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ, ജന്മനാ വൈകല്യമുള്ളവർ, ഭിന്നശേഷിക്കാർ, ഒറ്റയ്ക്കായിപ്പോകുന്ന മുതിർന്ന പൗരന്മാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പ്രത്യേക പിന്തുണ ലഭിക്കും.
ആരോഗ്യ പ്രവർത്തകർ മാസത്തിൽ ഒരിക്കൽ വീടുകളിൽ എത്തി പരിശോധന നടത്തും. കിടപ്പിലായവർക്കും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവർക്കും രണ്ടാഴ്ചയൊരിക്കൽ പരിചരണം ഉറപ്പാക്കും. പരിശോധനാഫലങ്ങൾ മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.