പേരാമ്പ്ര: സെപ്തംബർ 26, 27 തീയതികളിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ‘ഗാല 2025’ ന്റെ ലോഗോ പ്രകാശനം ടി. പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീവൻ മാസ്റ്റർ, രജിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ ശശി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി, അസിസ്റ്റന്റ് ഡയറക്ടർ കെ. എം. ജീജ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി. കെ. നസീർ, മിൽമ ഡയറക്ടർ ബോർഡ് അംഗം പി. ശ്രീനിവാസൻ മാസ്റ്റർ, കൊഴുക്കല്ലൂർ ക്ഷീരസംഘം പ്രസിഡന്റ് അനിത, ആവള ക്ഷീരസംഘം പ്രസിഡന്റ് അഖിൽ കേളോത്ത് എന്നിവർ പങ്കെടുത്തു.
കൊഴുക്കല്ലൂർ ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ മേപ്പയൂർ ടി.കെ. കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ടി. പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായിരിക്കും. ഷാഫി പറമ്പിൽ എം.പി എന്നിവർ മുഖ്യാതിഥികളാവും.
ഇതോടനുബന്ധിച്ച് വിളംബരജാഥ, കന്നുകാലി പ്രദർശനം, ഗോസുരക്ഷ ക്യാമ്പ്, ഡെയറി എക്സ്പോ, സെമിനാറുകൾ, ശില്പശാലകൾ, കലാസന്ധ്യ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഡെയറി ക്വിസ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.