നവരാത്രിയോടനുബന്ധിച്ച് പൂക്കാട് കലാലയത്തില്‍ സപ്തംബർ 22 മുതൽ 10 ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 ന് പ്രസിദ്ധ സംഗീതജ്ഞന്‍ അടൂര്‍. പി. സുദര്‍ശനന്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സ്വാഗതംസംഘം ചെയര്‍മാന്‍ എം. ജയകൃഷ്ണന്‍ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തും .കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍ നന്ദിയും പറയും.
ഉദ്ഘാടന ദിവസം ശാകംഭരി കോട്ടയ്ക്കല്‍ ശാസ്ത്രീയ സംഗീതക്കച്ചേരി നടത്തും. വയലിനില്‍ അഖില്‍ കാക്കൂര്‍, മൃദംഗത്തില്‍ ശ്രീ.സ്വാതീദാസ് കോഴിക്കോടും പക്കവാദ്യമൊരുക്കും. സെപ്തംബര്‍ 23ന് ഡോ. കൃപാല്‍, അഡ്വ.കെ ടി ശ്രീനിവാസന്‍, സുനില്‍ തിരുവങ്ങൂര്‍, വിനോദിനി മണക്കാട്ടില്‍ എന്നിവര്‍ ഗാനമഞ്ജരി അവതരിപ്പിക്കും. ലാലു പൂക്കാട് തബലയിലും രാംദാസ് കോഴിക്കോട് ഹാര്‍മ്മോണിയത്തിലും പക്കവാദ്യമൊരുക്കും. സപ്തംബര്‍ 24ന് കലാലയം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഒരുക്കുന്ന നൃത്താര്‍ച്ചന.
സപ്തംബര്‍ 25ന് അന്‍മൊഴി നിസ്വാര്‍ത്ഥ അവതരിപ്പിക്കുന്ന സാക്‌സോഫോണ്‍, ഫ്‌ളൂട്ട് സോളോ തുടര്‍ന്ന് കലാലയം സൃഹദ്‌സംഘം അവതരിപ്പിക്കുന്ന സംഗീതസായാഹ്നം. സപ്തംബര്‍ 26ന് ഡോ. ശ്രീദേവി അങ്ങാടിപ്പുറം അവസരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതക്കച്ചേരിയാണ്. അഖില്‍ കാക്കൂര്‍, സനന്ദുരാജ് കൊയിലാണ്ടി എന്നിവര്‍ പക്കവാദ്യമൊരുക്കും. സപ്തംബര്‍ 27ന് സുസ്മിത ഗിരീഷ് ഒരുക്കുന്ന ഗസല്‍ ‘സുസ്മിത പാടുന്നു’ വേദിയിലെത്തും മുരളി രാമനാട്ടുകര, ഷബീര്‍ദാസ്, അനൂപ് പാലേരി എന്നിവര്‍ പക്കവാദ്യമൊരുക്കും. സപ്തംബര്‍ 28ന് രാമന്‍ നമ്പൂതിരി ശാസ്ത്രീയസംഗീതക്കച്ചേരി അവതരിപ്പിക്കും സുനില്‍കുമാര്‍ വയനാട്, ഋഷികേശ് രുദ്രന്‍ എന്നിവര്‍ പക്കവാദ്യമൊരുക്കും. സപ്തംബര്‍ 29ന് ഹാര്‍മണി വേവ്‌സ് ഓഫ് മ്യൂസിക്ക് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
സപ്തംബര്‍ 30ന് കലാലയം സംഗീതവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗാനാര്‍ച്ചന, ഒക്‌ടോബര്‍ 01 ന് കലാലയം നൃത്തവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും നടക്കും. ഒക്‌ടോബര്‍ 01ന് പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തില്‍ കലാലയം വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ഗാനലയം എന്ന പരിപാടി അരങ്ങേറും. ഒക്‌ടോബര്‍ 2 വിജയദശമി നാളില്‍ വിദ്യാരംഭം, സമൂഹകീര്‍ത്തനാലാപനം, എഴുത്തിനിരുത്തല്‍, സംഗീതം-വാദ്യം-നൃത്തം-ചിത്രം എന്നീ വിഭാഗങ്ങളില്‍ കലാലയം ക്ലാസ്സുകളിലേക്കുള്ള പുതിയ അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശനം എന്നിവ നടക്കും.