വിശാലമായ പാടങ്ങളില്‍ നിന്ന് നെല്‍കൃഷി അന്യമാകുന്നതിന് പാടവരമ്പുകള്‍ ഇല്ലാതാവുന്നതും കാരണമാകുന്നുണ്ടെന്ന് കര്‍ഷകര്‍. മുമ്പൊക്കെ എല്ലാ വര്‍ഷവും കൃഷി ആരംഭിക്കുന്നതിന് മുമ്പ് വരമ്പുകള്‍ ശക്തിപ്പെടുത്തുമായിരുന്നു. ഇരു വശത്തുനിന്നും ചെളി കോരിയിട്ടു വരമ്പുകള്‍ ബലപ്പെടുത്തും. മഴയില്‍ ഊര്‍ന്നു പോകുന്ന വരമ്പുകള്‍ കൃഷിയിറക്കുന്നതിന് മുമ്പാണ് വീണ്ടും ചെളി കോരിയിട്ട് ബലപ്പെടുത്തുക. ഈ പാട വരമ്പുകളിലൂടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വിശാലമായ കൃഷിയിടത്തിലേക്ക് നടന്നെത്തുക. ഞാറ് നടാന്‍ എത്തുന്നവരും,വളമെത്തിക്കുന്നവരും, അവസാനം കൊയ്‌തെടുത്ത നെല്‍ക്കറ്റകള്‍ കരയിലേക്ക് എത്തിക്കുന്നവരുമെല്ലാം വരമ്പുകളിലൂടെയാണ് എത്തുക. എന്നാല്‍ ഇപ്പോള്‍ കൃഷിയിടത്തില്‍ നിന്ന് വരമ്പുകള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നാണ് ബാലുശ്ശേരിയിലെ യുവ നെല്‍ കര്‍ഷകന്‍ ഗീഷ്പഥ് പറയുന്നു.
മുണ്ടകന്‍ വിത്ത് പൊടിയില്‍ വിതയ്ക്കുന്ന ഒരു പാടത്തും വരമ്പുകള്‍ കാണാനെയില്ലെന്ന് ഇദ്ദേഹം പറയുന്നു. ചെളിയില്‍ ഉഴുത് ഞാറ്റടി തയ്യാറാക്കി പറിച്ച് നടുന്ന പാടത്തില്‍ വെളളമുണ്ടെങ്കിലെ കൃഷിയിറക്കാന്‍ കഴിയുകയുളളു. വെളളം കെട്ടി നിര്‍ത്തണമെങ്കില്‍ വരമ്പുകള്‍ അത്യാവശ്യമാണ്. വരമ്പുകള്‍ ബലപ്പെടുത്തി നിര്‍ത്താന്‍ വര്‍ഷാവര്‍ഷം അതിന് പണിയെടുപ്പിക്കണം. കൂലി ചെലവും തൊഴിലാളികളെ കിട്ടാത്തതും കാരണം കര്‍ഷകരാരും ഇതിന് മെനക്കേടാറുമില്ല. തന്റെ പാടത്ത് ട്രാക്ടര്‍ ഉപയോഗിച്ചാണ് വരമ്പുകള്‍ ഉണ്ടാക്കുന്നതെന്ന് ഗീഷ്പഥ് പറഞ്ഞു. ചെളിയില്‍ വരമ്പു നിര്‍മ്മിച്ചാലെ ദീര്‍ഘകാലം നിലനില്‍ക്കുകയുളളു. വയലുകളില്‍ ജല ക്രമീകരണത്തിനും, വളമിടുമ്പോള്‍ കൃഷിയ്ക്ക് കൃത്യമായ അളവില്‍ അത് ലഭിക്കാനും വരമ്പുകള്‍ കൂടിയേ തീരു. മാത്രവുമല്ല പുതു തലമുറ ചെളി ചവിട്ടി പാടത്തേക്ക് ഇറങ്ങാന്‍ വൈമനസ്യം കാണിക്കുന്നവരാണ്. നല്ല വരമ്പുകള്‍ ഉണ്ടെങ്കില്‍ ചെളി ചവിട്ടാതെ പാടത്തേക്ക് പോകാന്‍ കഴിയും. നല്ല വരമ്പുകള്‍ ഉണ്ടെങ്കില്‍ വയലിനെ ഇഷ്ടപ്പെടുന്നവരും പാടത്ത് എത്തും. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും എത്താന്‍ വരമ്പുകള്‍ വേണം. അരിക്കുളം ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വയല്‍ വരമ്പുകള്‍ പുനരുദ്ധരിക്കാനുളള പദ്ധതി നേരത്തെ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിരുന്നു.