അടുത്ത വർഷത്തേക്ക് ഹൃദയത്തിൽ നിന്ന് മായാത്ത കാഴ്ചകൾ സമ്മാനിച്ചാണ് ഓരോ ദസറയും കടന്നുപോകുന്നത്. മൈസൂരു നഗരം തന്നെ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നാണ്. കൊട്ടാര നഗരിയിൽ ദസറയിലും മറക്കാതെ കാണേണ്ട ഒരുപാട് കാഴ്ചകളുണ്ട്. ദീപാലംകൃതവും വർണാഭവവുമായ മൈസൂരുവിന്റെ നഗരവീഥികളാണ് ദസറക്കാലത്ത് ആളുകളെ വരവേൽക്കുന്നത്.
കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം അവതരിപ്പിക്കാനൊരുങ്ങുന്ന എയർഷോ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സെപ്റ്റംബർ 27-ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് എയർഷോ. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഹോക്ക് എംകെ -132 ജെറ്റുകളാണ് എയർഷോയിൽ ആകാശത്ത് കാഴ്ചകളുടെ അനുഭൂതി പരത്തുക. മനോഹരമായ ലൂപ്പ് ഐറ്റം, ആവേശകരമായ ബാരൽ റോൾ മുതൽ തലകീഴായ പറക്കൽ തുടങ്ങിയ അഭ്യാസ പ്രകടനങ്ങളായിരിക്കും ഷോയിലുടനീളം ഉണ്ടായിരിക്കുക.
ദസറ കാണാനെത്തുന്നവർക്ക് രുചി പകരാൻ 14 ദിവസം നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയാണ് ഈ വർഷം. തിങ്കളാഴ്ച ആരംഭിക്കുന്ന മേള ഒക്ടോബർ അഞ്ച് വരെ മഹാരാജാസ് ഗ്രൗണ്ടിലാണ് നടക്കുക. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണ ഇനങ്ങൾ ആകെ 120 സ്റ്റാളുകളിലായാണ് ഒരുക്കുക. ഗോത്ര വിഭാഗക്കാരുടെ ഭക്ഷണങ്ങളും അവരുടെ പ്രശസ്തമായ മുള ബിരിയാണിയും മേളയിൽ വിളമ്പും. കർണാടകത്തിന് പുറമെ രാജസ്ഥാൻ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ, ഗുജറാത്ത്, കേരളം, പഞ്ചാബ്, തമിഴ്‌നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങളുടെ ഭക്ഷണ കൗണ്ടറും സജ്ജീകരിക്കും.
മൈസൂരു ദസറ ഒരു സാംസ്കാരിക ആഘോഷം കൂടിയാണ്. കല, ശില്പം, സംഗീതം, മറ്റു പലതും ആഘോഷിക്കുന്ന നിരവധി പരിപാടികളുടെ ഒരുനിരയാണ് ഈ ദസറ കാലത്തും നടക്കുക. സെപ്റ്റംബർ 23 മുതൽ 27 വരെ കുവേംപു കന്നഡ അധ്യായന സംസ്ഥേയിലെ ബിഎം ശ്രീ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ കലാ പ്രദർശനം. സംസ്‌കാരം വിളിച്ചോതുന്ന ‘പഞ്ച കാവ്യദൗത്യം’ മുതൽ കവിതാ സെഷനുകൾ വരെയുണ്ട്. 26-ന് ദേശീയ കലാപ്രദർശനം ആരംഭിക്കും. 23 -ന് മൈസൂരു കൊട്ടാര പരിസരത്ത് രംഗോലി മത്സരം നടക്കും.
ദസറ ആഘോഷങ്ങളുടെ ഭാഗമായി ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്‌പോത്സവം. 40,000 ത്തിലധികം പൂച്ചട്ടികളിലായി 450 ലധികം ഇനം പുഷ്പങ്ങൾ കാഴ്ചക്ക് വിരുന്നൊരുക്കും. പ്രകൃതിസ്നേഹികളെയും കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന കലാപരമായ പുഷ്പ പ്രദർശനമാണ് ദസറയുടെ ഭാഗമായി ഒരുക്കുന്നത്. റോസാപ്പൂക്കൾ, പ്ലൂമേരിയ (ഫ്രാങ്കിപാനി), ബൗഹിനിയ, തുൻബെർജിയ, എറിത്രിന വേരിഗറ്റ, ജമന്തി തുടങ്ങിയ പൂച്ചെടികളുടെ ശേഖരവും വിൽപനയും മേളയിലുണ്ടാകും. പൂന്തോട്ടത്തിന് ചുറ്റും സ്ഥാപിച്ച തണലുള്ള ഇരിപ്പിടങ്ങൾ, ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ, ഹൃദയാകൃതിയിലുള്ള പുഷ്പ കമാനങ്ങൾ, മനോഹരമായ പുഷ്പ പാതകൾ, 150 പേർക്ക് ഇരിക്കാവുന്ന സംഗീത, നൃത്ത ജലധാര എന്നിവയെല്ലാം മേളയുടെ ആകർഷണമായിരിക്കും.