തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര കേസുകൾ വർധിക്കുമ്പോഴും രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാർഗങ്ങളെ കുറിച്ച് ആരോഗ്യവിദഗ്ധർ ആശയക്കുഴപ്പത്തിലാണ്. പൊതുധാരണപ്രകാരം, വെള്ളത്തിലെ നൈഗ്ലേരിയ അമീബ മൂക്കിലൂടെ തലച്ചോറിലേക്കാണു കടക്കുന്നതെന്ന് കരുതപ്പെടുന്നു. എന്നാൽ, അകാന്തമീബ, ബാലമുത്തിയ എന്നീ മറ്റ് അമീബകൾ ശ്വാസകോശത്തിലൂടെയും ചെറിയ മുറിവുകളിലൂടെയും തലച്ചോറിലേക്ക് പ്രവേശിക്കാമെന്ന് വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിഞ്ഞിടെ ചികിത്സയിൽ പ്രവേശിപ്പിച്ച 14 പേരിൽ 7 പേരിലും അകാന്തമീബ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.“മൂക്കിലൂടെ മാത്രമാണു രോഗം പകരുന്നതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വെള്ളത്തിൽ ഇറങ്ങുന്നവർക്ക് തിരിച്ചറിയാൻപോലുമാകാത്ത ചെറിയ മുറിവുകളിലൂടെ പോലും അമീബ ശരീരത്തിൽ പ്രവേശിക്കാം. നിർമ്മാണപ്രവർത്തനങ്ങളിലുള്ള പൊടിയിലൂടെയും ശ്വാസകോശത്തിലേക്ക് അമീബ എത്തി പിന്നീടു തലച്ചോറിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
കിണറിനും ശുചിമുറി ടാങ്കിനും ഇടയിൽ മതിയായ അകലം പാലിക്കാത്തതും വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം ജലാശയങ്ങളിൽ തുറന്നു വിടുന്നതുമാണ് അമീബ വ്യാപനത്തിന് വഴിയൊരുക്കുന്നതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.ബാക്ടീരിയയാണ് അമീബയുടെ പ്രധാന ഭക്ഷണം. ശുചിമുറി ടാങ്കിൽ നിന്നുള്ള ബാക്ടീരിയ കിണറിലേക്ക് എത്തുമ്പോൾ അമീബയുടെ വളർച്ച വേഗത്തിലാകും. അതുപോലെ, നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യാത്തതും ക്ലോറിന് പകരം ഉപ്പ് മാത്രം ചേർക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
പഠനങ്ങൾ പ്രകാരം കടൽവെള്ളത്തിൽ നൈഗ്ലേരിയ നിലനിൽക്കാത്തെങ്കിലും ചെറിയ തോതിൽ അകാന്തമീബ വളരുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്: കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അമീബകളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ ഗവേഷണം അനിവാര്യമാണ്. ശുദ്ധജല സംരക്ഷണം മാത്രമാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാർഗം.