കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്ഥലംമാറ്റിയ അഞ്ച് ജീവനക്കാരെ വീണ്ടും സർവീസിലേക്ക് തിരികെ നിയമിച്ചു. ജില്ലാ കോടതിയിൽ കേസ് തുടരുന്നതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ മടങ്ങിയെത്തിയത്.
ഗ്രേഡ്-2 അറ്റൻഡന്റ് പി.ഇ. ഷൈമ, ഗ്രേഡ്-1 അറ്റൻഡന്റുമാരായ ഷൈനി ജോസ്, ഷലൂജ, എൻ.കെ. ആസ്യ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവർ ബുധനാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചുമതലയേറ്റത്.അഭ്യന്തര അന്വേഷണം കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവരിൽ മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളജിലേക്കും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലേക്കുമായിരുന്നു മാറ്റിയത്. ഇപ്പോൾ, ആസ്യയെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്, പ്രസീത മനോളിയും ഷൈമയും നെഞ്ചുരോഗാശുപത്രിയിലേക്കും ഷൈനി, ഷലൂജ എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാണ് നിയമിച്ചിരിക്കുന്നത്.
2023 മാർച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐ.സി.യുവിലേക്ക് മാറ്റുന്നതിനിടെ അറ്റൻഡർ എം.എം. ശശീന്ദ്രൻ ലൈംഗിക പീഡനം നടത്തിയത്. തുടര്‍ന്ന് യുവതി നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ശശീന്ദ്രനെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.