കോഴിക്കോട് : പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു. പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമൻ (64)നെതിരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദ് അലി ശിക്ഷ പ്രഖ്യാപിച്ചത്.
2021ൽ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയപ്പോഴും സ്കൂളിലേക്കു പോകാൻ ജീപ്പ് കാത്തുനിൽക്കുന്ന സമയത്തും പ്രതിയുടെ കടയിൽവച്ച് കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്നാണ് കേസ്.വിദ്യാർത്ഥിനി സംഭവം സ്കൂൾ കൗൺസിലർ മുഖേന തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ. എം.പി. വിഷ്ണുവും സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.പി. ദീപയും ചേർന്നാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എം. ഷാനി ഏകോപിപ്പിച്ചു