തൃശൂർ സിറോ മലബാർ കത്തോലിക്ക അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു.
മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പും താമരശ്ശേരിയുടെ രൂപതയുടെ രണ്ടാമത്തെ ബിഷപ്പുമായിരുന്നു. 1930 ഡിസംബർ 13ന് പാലാക്ക് സമീപം വിളക്കുമാടത്താണ് ജനനം. കോഴിക്കോട്ടെ തിരുവമ്പാടിയിലായിരുന്നു വിദ്യാഭ്യാസം. മാർ ജോസഫ് കുണ്ടുകുളത്തിന്റെ പിൻഗാമിയായാണ് തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ആയത്.
1973 മാർച്ച് 1ന് മാനന്തവാടി രൂപതയുടെ ആദ്യ മെത്രാനായി സ്ഥാനമേറ്റ്, പിന്നീട് താമരശ്ശേരി, തൃശൂർ രൂപതകളെയും നയിച്ചു. 1997 ഫെബ്രുവരി 15ന് തൃശൂർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം, 2007 മാർച്ച് 18ന് വിരമിച്ചു.
ക്രിസ്തുദാസി സന്യാസി സമൂഹത്തിന്‍റെ സ്ഥാപക പിതാവായ മാർ തൂങ്കുഴിയുടെ കാലത്ത്, തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ, മേരിമാതാ മേജർ സെമിനാരി, ജീവൻ ടിവി, ജ്യോതി എഞ്ചിനീയറിംഗ് കോളജ്, മഹാജൂബിലി ട്രെയിനിംഗ് കോളജ്, ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ ആരംഭിച്ചു.
22 വർഷം മാനന്തവാടി മെത്രാനായും, ഒന്നരവർഷം താമരശ്ശേരി മെത്രാനായും, തുടർന്ന് തൃശൂർ ആർച്ച് ബിഷപ്പായും സേവനം അനുഷ്ഠിച്ചു.