നന്തി : എൻ.എച്ച്. 66 നിർമാണത്തിന്റെ ഭാഗമായി നന്തി–കിഴൂർ റോഡ് അടയ്ക്കുന്നതിനെതിരെ സർവകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ജില്ലാകലക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിന്റെ ഗൗരവം കലക്ടർ അംഗീകരിക്കുകയും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നവിധം നിർമാണം മുന്നോട്ട് കൊണ്ടുപോകാൻ പാടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വിഷയത്തിൽ എൻ.എച്ച്.എ.ഐ.ക്ക് ആവശ്യമായ നിർദ്ദേശം നൽകുമെന്നും കലക്ടർ ഉറപ്പ് നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, കർമ്മസമിതി ചെയർമാൻ രാമകൃഷ്ണൻ കിഴക്കയിൽ, കൺവീനർ വി.വി. സുരേഷ്, വൈസ് ചെയർമാൻ ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കർമ്മസമിതിയുടെ നേതൃത്വത്തിൽ നേരത്തെ നിരവധി പ്രക്ഷോഭങ്ങളും അധികാരികളുമായി നടത്തിയ ഇടപെടലുകളും നടന്നിരുന്നു.