മണിയൂര്‍ പഞ്ചായത്തിലെ പാലയാട് തുരുത്തിലുള്ളവരുടെ പാലത്തിനായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. നിരവധി സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന് പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏറെക്കാലത്തെ ദുരിതയാത്രക്കാണ് പരിഹാരമാകുന്നത്. ഫിഷറീസ് വകുപ്പ് തീരദേശ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിച്ചത്. 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലൂടെയാണ് തടസ്സങ്ങള്‍ നീങ്ങുകയും പ്രവൃത്തി റീ ടെന്‍ഡര്‍ ചെയ്യുകയും ചെയ്തത്.
പ്രവൃത്തി പൂര്‍ത്തിയാക്കാനായി വകുപ്പുതലത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. പാലത്തിനൊപ്പം റോഡിന്റെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ ഭിത്തിയും ഇന്റര്‍ലോക്ക്, കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെയുള്ള ബാക്കി പ്രവൃത്തികളും ഈ മാസം പൂര്‍ത്തീകരിക്കും.
തുരുത്തില്‍ എത്താനും പുറത്തേക്ക് പോകാനും വര്‍ഷങ്ങളായി മരപ്പാലത്തിലൂടെ യാത്ര ചെയ്യുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് പുതിയ പാലം ആശ്വാസമാവുക. നാല് ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇനി വീടുകളിലെത്തും. വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തിലെ ടൂറിസം സാധ്യതയും പാലം വരുന്നതോടെ വര്‍ധിക്കും.