തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ ഭീഷണി ഉയർന്നതിനാൽ നീന്തൽ കുളങ്ങൾക്കായി ആരോഗ്യമേഖല കര്‍ശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയാണ് പൊതുജനാരോഗ്യനിയമത്തിലെ നാലാം വകുപ്പ് പ്രകാരം ഉത്തരവ് പുറത്തിറക്കിയത്.
നീന്തൽ കുളങ്ങളിലെ ജലം ദിവസേന ക്ലോറിനേറ്റ് ചെയ്ത്, ഒരു ലിറ്ററിന് കുറഞ്ഞത് 0.5 മില്ലിഗ്രാം ക്ലോറിൻ നിലനിർത്തണമെന്ന് ഉത്തരവിൽ പറയുന്നു. ക്ലോറിനേഷൻ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും, ആവശ്യപ്പെടുമ്പോൾ പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോക്ക് ഹാജരാക്കണമെന്നും നിർദേശിച്ചു.റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മാനേജ്മെന്റ് നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തും. റിപ്പോർട്ടുകൾ ആഴ്ചതോറും സംസ്ഥാന സർവെയലൻസ് ഓഫീസർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിർദേശം പാലിക്കാത്തവർക്ക് കേരള പൊതുജനാരോഗ്യനിയമപ്രകാരം പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിൽ മാത്രമായി ഇപ്പോൾ പത്ത് പേർ ചികിത്സയിലാണ്. ഇവരിൽ നാല് കുട്ടികളാണ്. കഴിഞ്ഞ മാസം മുതൽ ആറ് പേർ രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു. രോഗലക്ഷണങ്ങളുമായി എത്തുന്ന എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.