തിരുവനന്തപുരം : കേരളത്തിലെ കാർഷികോത്സവങ്ങളുടെ ഭാഗമായിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങൾക്കു നിയമപരമായ സംരക്ഷണം നൽകാൻ സർക്കാർ ഒരുങ്ങുന്നു. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മാതൃകയിൽ നിയമ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം പ്രകാരം ഇത്തരം ആഘോഷങ്ങൾ വിലക്കപ്പെട്ടിരുന്നു. എന്നാൽ, കാർഷിക സംസ്‌കാരത്തോടൊപ്പം തന്നെ ഗ്രാമജീവിതത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്ന ഇത്തരം പരമ്പരാഗത മത്സരങ്ങൾ തിരിച്ചുകൊണ്ടുവരണമെന്ന് വിവിധ സംഘടനകളും ജനകീയവേദികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
വിഷയം കോൺകറന്റ് ലിസ്റ്റിൽപ്പെട്ടതിനാൽ, സംസ്ഥാന സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കിയതിന് ശേഷം രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കും. അനുമതി ലഭിച്ചാൽ, കേരളത്തിലെ പരമ്പരാഗത കാർഷികോത്സവങ്ങൾക്ക് നിയമപരമായ സംരക്ഷണവും തുടർച്ചയായി നടത്താനുള്ള വഴി തുറക്കുകയും ചെയ്യും.മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ കീഴിൽ നടക്കുന്ന നീക്കങ്ങൾ, ഗ്രാമീണ കാർഷിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം, പ്രദേശിക ആഘോഷങ്ങൾക്കും ഉത്സവ ടൂറിസത്തിനും പുതുജീവൻ നൽകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.