അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക് ആരോഗ്യ ശുശ്രൂഷാ രംഗം എത്ര മാത്രം രോഗാതുര മാണ് എന്നതിൻ്റെ നേർ ചിത്രമാണ് കാഴ്ച വെക്കുന്നത്. ഈ മാസം മാത്രം 7 മരണമാണ് സ്ഥിരീകരിച്ചത്. 66 പേർ ഇതിനകം രോഗബാധിതരായിട്ടുണ്ടെന്ന ആരോഗ്യ വകുപ്പിൻ്റെ അറിയിപ്പും അങ്ങേയറ്റം ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തെ വിദഗ്ദർ പലരും ആരോഗ്യ വകുപ്പിൻ്റെ ശോച്യാവസ്ഥ പല തവണ ചൂണ്ടിക്കാട്ടിയതാണ്. വകുപ്പിൻ്റെ ചുമതലയുള്ള സീനിയർ ഉദ്യോഗസ്ഥരും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് അഭിമാനമായ കേരളത്തിലെ ആരോഗ്യ രംഗത്തെ കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് സത്വരമായ പരിഹാരം കാണുകയാണ് വേണ്ടത്. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനകളാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് വരുന്നത്. വ്യവസ്ഥിതിയുടെ തകരാറാണെന്ന് പറഞ്ഞ് കൈകഴുകി ഒഴിയുന്നതിന് പകരമായി രോഗപ്രതിരോധ നടപടികളാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ രംഗം എത്ര മാത്രം തകർന്നു എന്നത് പൊതു സമൂഹം കണ്ടതാണ്.
കോവിഡ് മഹാമാരി കാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വരും വരെ, ലോകത്തിന് മുഴുവൻ മാതൃകയായി മുന്നോട്ടു പോയത് കേരളമാണെന്ന് പി.ആർ. ഏജൻസികളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
അവസാനം സി.എ.ജി.യുടെ കണക്കുകൾ പുറത്ത് വന്നപ്പോൾ അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും സമൂഹം അറിഞ്ഞു. 1300 കോടി രൂപയുടെ ഗുരുതരമായ ക്രമക്കേട് കിറ്റും ഗ്ലൗസും വാങ്ങിയ ഇനത്തിൽ മാത്രം നടന്നു എന്നാണ് രേഖപ്പെടുത്തിയത്.
പിണറായി സർക്കാറിനെ കൊണ്ട് ഇത് വരെ നമുക്കു ആർക്കും കണക്ക് പറയിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ചിന്തിച്ചു പോകുന്നു. അമീബിക്ക് മസ്തിഷ്ക്ക ജ്വരം വെല്ലുവിളി ഉയർത്തുമ്പോൾ ജാഗ്രതയോടെ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനി എങ്കിലും തയ്യാറാവണം.