വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ നടക്കുന്നതായും പൊലീസ് മുന്നറിയിപ്പ് നല്‍കി.
തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ച് വിശ്വാസം നേടിയെടുത്തശേഷം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ സന്ദേശങ്ങളായി അയച്ച് ഒടിപി കൈക്കലാക്കുന്നു. തുടര്‍ന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിന്‍ ചെയ്യുകയാണ്. അക്കൗണ്ട് ഉടമ വാട്സാപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഒടിപി നല്‍കാന്‍ കഴിയാതെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നു. ഈ സമയം ഹാക്കര്‍മാര്‍ ഉടമയുടെ പേരില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജസന്ദേശങ്ങള്‍ അയക്കുകയും അപകടകരമായ ഇന്‍സ്റ്റലേഷന്‍ ലിങ്കുകള്‍ പ്രചരിപ്പിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതുമാണ് രീതി.