കോഴിക്കോട് : ആറുവർഷം മുൻപ് കാണാതായ യുവാവിന്റെ തിരോധാനക്കേസിൽ നിർണായക മുന്നേറ്റം. സരോവരം പാർക്കിനു സമീപമുള്ള കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പിൽ നിന്നാണ് അന്വേഷണസംഘം അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. ഇത് കാണാതായ 29കാരനായ വിജിൽ എന്ന യുവാവിന്റേതാണെന്ന് സംശയിക്കുന്നു.
ഡിഎൻഎ പരിശോധന പൂർത്തിയായാൽ തിരിച്ചറിയൽ വ്യക്തമായി തെളിയുമെന്നാണ് പൊലീസ് പ്രതീക്ഷ. സ്ഥിരീകരണം ലഭിച്ചാൽ, വർഷങ്ങളായി തുമ്പില്ലാതെ പോയ കേസിൽ വിജയം രേഖപ്പെടുത്തി കേരള പൊലീസിന്റെ അന്വേഷണ മികവ് തെളിയിക്കപ്പെടും.2019-ൽ രജിസ്റ്റർ ചെയ്ത കേസിൽ തുടക്കത്തിൽ പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പുതിയ സംവിധാനമായ SDIT രംഗത്തിറങ്ങിയതോടെ അന്വേഷണം വീണ്ടും സജീവമായി. പൊലീസിന്റെ ശാസ്ത്രീയ പരിശോധനകളും തെളിവുകൾ ശേഖരിക്കാനുള്ള പ്രൊഫഷണൽ സമീപനവുമാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്താൻ വഴിവച്ചത്.
കേസിന്റെ അന്തിമ ഉത്തരത്തിന് ഇപ്പോൾ കാത്തിരിക്കുന്നത് ഡിഎൻഎ പരിശോധനാഫലമാണ്. അത് വിജിലിന്റെ തിരിച്ചറിയലിലേക്ക് വിരൽചൂണ്ടിയാൽ, കേരള പൊലീസിന്റെ അന്വേഷണമികവിൽ സ്വർണ്ണാക്ഷരത്തിൽ രേഖപ്പെടുന്ന കേസായിരിക്കും ഇത്.