തിരുവനന്തപുരം : കേരളത്തിൽ റാപ്പിഡ് റെയിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുകൂല സൂചന. ഡിപിആർ (Detailed Project Report) സമർപ്പിച്ചാൽ സഹകരിക്കാമെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിലാണ് പ്രഖ്യാപനം.
മുഖ്യമന്ത്രി ഇതിനകം തന്നെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുമ്പ് കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഡിപിആറിലെ അപാകതകൾ ചൂണ്ടിക്കാണിച്ചതിനാൽ തന്നെ പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഡൽഹി–മീരറ്റ് ഇടയിൽ റാപ്പിഡ് റെയിൽ പദ്ധതി നിലവിൽ സജീവമാണെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്ടിലേക്കും റാപ്പിഡ് റെയിൽ എത്തിക്കുന്നതിനുള്ള ആലോചനകൾ നടക്കുകയാണ്. ഇതിന് പിന്നാലെയാണ് കേരളത്തെയും പദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ സാധ്യതകൾ തുറന്നുകിട്ടിയത്.