പാലക്കാട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ സംഭവം നെന്മാറയിൽ നടന്നു. മേലാർക്കോട് സ്വദേശിയായ ഗിരീഷ് (സ്വകാര്യ ബസ് ജീവനക്കാരൻ) ആണ് അറസ്റ്റിലായത്.
നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ ബന്ധത്തിലായിരുന്നു. ഒന്നരവർഷം മുമ്പ് യുവതി വിദേശത്തേക്ക് ജോലി നോക്കിപ്പോയിരുന്നു. നാട്ടിലെത്തിയ അവധിക്കാലത്ത് ഗിരീഷ് വിവാഹ കാര്യം മുന്നോട്ടുവെച്ചെങ്കിലും യുവതി നിരസിച്ചു. ബസ് ഡ്രൈവറായ തന്നെ ഒഴിവാക്കാനാണെന്ന് കരുതിയാണ് ആക്രമണമെന്ന് ഗിരീഷ് പൊലീസിനോട് മൊഴി നൽകി.
ഇന്നലെ വൈകിട്ട് മദ്യലഹരിയിൽ യുവതിയുടെ വീട്ടിലെത്തി കിടപ്പുമുറിയിൽ ഉണ്ടായിരുന്ന യുവതിയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനെയും ഇയാൾ കത്തി കൊണ്ട് ആക്രമിച്ചു. കൈക്കും മുതുകിനുമാണ് യുവതിക്ക് പരിക്ക്. ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഗിരീഷിന്റെ കൈയിൽ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.